ഓസ്‌ലോ : ഭൂരിഭാഗം കൊവിഡ് നിയന്ത്രണങ്ങളും പിൻവലിച്ച് നോർവെ. പൊതുസ്ഥലങ്ങളിൽ മാസ്‌ക് ഇനുമുതൽ നിർബന്ധമല്ല. സാമൂഹ്യ അകലമുൾപ്പെടെയുള്ള നിയന്ത്രണങ്ങളും ബാധകമല്ല. കൊവിഡിന് മുന്നേയുള്ള ജീവിതത്തിലേക്ക് മടങ്ങാമെങ്കിലും മഹാമാരി അവസാനിച്ചിട്ടില്ലെന്നും വാക്സിനേഷന് വിധേയമാകാത്തവർ സാമൂഹ്യഅകലം പാലിക്കണമെന്നും സാദ്ധ്യമാകുന്നിടത്ത് മാസ്ക് ധരിക്കണമെന്നും പ്രധാനമന്ത്രി ജോനാസ് ഗാർ സ്റ്റോർ നിർദ്ദേശിക്കുകയും ചെയ്തു.
രാജ്യത്ത് ഒമിക്രോൺ വ്യാപനം ഉയരുന്നതിനിടെയാണ് നിയന്ത്രണങ്ങൾ ഇപ്പോൾ പിൻവലിച്ചിരിക്കുന്നത്. കൊവിഡ് പോസിറ്റീവാകുന്നവർ നാല് ദിവസം ഐസൊലേഷനിൽ കഴിയണമെന്ന് ആരോഗ്യവിദഗ്ദ്ധർ ശുപാർശ ചെയ്യുന്നു. ബാറുകളിലും റെസ്റ്റോറന്റുകളിലും മദ്യം വിളമ്പാനും കായിക പ്രവർത്തനങ്ങൾ പുനരാരംഭിക്കാനും കഴിഞ്ഞ മാസം സർക്കാർ അനുവാദം നൽകിയിരുന്നു.