ലഖ്നൗ: ഗോവയിലെയും ഉത്തരാഖണ്ഡിലെയും തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിച്ചു. യുപിയിലെ രണ്ടാം ഘട്ട തെരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണത്തിനും തിരശ്ശീല വീണു. നിശബ്ദ പ്രചാരണത്തിന് ശേഷം മൂന്ന് സംസ്ഥാനങ്ങളിലെ ജനങ്ങളും മറ്റന്നാളാണ് പോളിംഗ് ബൂത്തിൽ എത്തുക. പരസ്യപ്രചാരണത്തിന്‍റെ അവസാന ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയും കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുമടക്കമുള്ളവർ നിറഞ്ഞുനിന്നു.
യു പിയിലെ കനൗജിൽ നടത്തിയ തെരഞ്ഞെടുപ്പ് യോഗത്തിൽ കോൺഗ്രസിലെ കുടുംബാധിപത്യത്തിനെതിരെയാണ് മോദി ആക്രമണം നടത്തിയത്. ‘ബൈ ദി ഫാമിലി, ഫോർ ദി ഫാമിലി, ഓഫ് ദി ഫാമിലി’ എന്ന നിലയിലാണ് രാജ്യ ഭരണത്തെ ചിലർ ഉപയോഗിച്ചതെന്നും അദ്ദേഹം വിമർശിച്ചു. ഉത്തരാഖണ്ഡിലേടതടക്കം ജനങ്ങള്‍ക്ക് പറയാനുള്ളത് കേള്‍ക്കാന്‍ പ്രധാനമന്ത്രിക്ക് സമയമില്ലെന്ന് തിരിച്ചടിച്ചാണ് പ്രിയങ്ക ഗാന്ധി പ്രചാരണം നടത്തിയത്. രാജ്യത്ത് രൂക്ഷമാകുന്ന തൊഴിലില്ലായ്മയില്‍ സര്‍ക്കാര്‍ മൗനം പാലിക്കുകയാണെന്നും ഉത്തരാഖണ്ഡില്‍ പ്രചാരണം നടത്തിയ പ്രിയങ്ക ഗാന്ധി വ്യക്തമാക്കി.
















