മുംബൈ: ബജാജ് ഗ്രൂപ്പിന്റെ മുൻ ചെയർമാനും പത്മഭൂഷൺ പുരസ്കാര ജേതാവുമായ രാഹുൽ ബജാജ് അന്തരിച്ചു. 83 വയസ് ഉണ്ടായിരിന്നു അദ്ദേഹത്തിന്. ഹൃദയസംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം. പുണെയിലെ റൂബി ഹോസ്പിറ്റലിൽ വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്. ബജാജ് ഗ്രൂപ്പിന്റെ വളര്‍ച്ചയ്ക്ക് സുപ്രധാന പങ്കുവഹിച്ച വ്യക്തിയാണ് രാഹുല്‍ ബജാജ്. 2006 മുതല്‍ 2012 വരെയുള്ള കാലയളവില്‍ രാജ്യസഭാംഗമായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. മരണത്തിൽ കേന്ദ്രമന്ത്രി നിധിൻ ഗഡ്കരി ട്വിറ്ററിലൂടെ അനുശോചനം രേഖപ്പെടുത്തി. മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ, എൻസിപി ദേശീയ അധ്യക്ഷൻ ശരത് പവാർ തുടങ്ങിയവരും അനുശോചനം അറിയിച്ചു.
സാമ്പത്തിക സേവന രംഗത്തെ പ്രധാനിയായ ബജാജ് ഫിൻസെർവ്, വാഹന നിർമാണ രംഗത്തെ പ്രധാനികളായ ബജാജ് ഓട്ടോ എന്നിവയടക്കമുള്ള ബജാജ് ഗ്രൂപ്പിനെ മുൻപ് നയിച്ചത് ഇദ്ദേഹമായിരുന്നു. 2021 ഏപ്രിലിലാണ് ഇദ്ദേഹം സ്ഥാനം ഒഴിഞ്ഞത്.
















