ദെഹ്‌റാദൂണ്‍: ഉത്തരാഖണ്ഡില്‍ വീണ്ടും ബിജെപി അധികാരം നിലനിര്‍ത്താനായാല്‍ സംസ്ഥാനത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി വ്യക്തമാക്കി. പുതിയ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറുന്നതിന് പിന്നാലെ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നതിനുള്ള കരട് തയ്യാറാക്കാന്‍ ഒരു സമിതി രൂപവത്കരിക്കും. വിവാഹം, വിവാഹമോചനം, സ്വത്ത് അവകാശം തുടങ്ങിയ കാര്യങ്ങളില്‍ എല്ലാ പൗരന്മാര്‍ക്കും ഒരേ നിയമങ്ങളാവും ഏകീകൃത സിവില്‍ കോഡ് ഉറപ്പുവരുത്തുന്നതെന്ന് തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ധാമി പ്രഖ്യാപിക്കുകയും ചെയ്തു.
ഈ പ്രഖ്യാപനം എന്റെ പാര്‍ട്ടിയുടെ പ്രമേയമാണ്, പുതിയ ബിജെപി സര്‍ക്കാര്‍ രൂപവത്കരിച്ചാലുടന്‍ അത് നിറവേറ്റപ്പെടും. ‘ദേവഭൂമി’യുടെ സംസ്‌കാരവും പൈതൃകവും സൂക്ഷിക്കുക എന്നത് ഞങ്ങളുടെ പ്രധാന കടമയാണ്, ഞങ്ങള്‍ ഇതില്‍ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു.
















