തൃശ്ശുർ: തൃശ്ശുർ-പാലക്കാട് ദേശീയപാതയിൽ കെഎസ് ആർടിസി ബസിനടിയിൽപ്പെട്ട് യുവാക്കൾ മരിച്ച സംഭവത്തിൽ ബന്ധുക്കളുടെ ആരോപണം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ച് പാലക്കാട് എസ് പി. ദുർബല വകുപ്പുകൾ മാത്രമാണ് ചുമത്തിയതെന്ന പരാതിയുൾപ്പെടെ പരിശോധിക്കും. മരിച്ച യുവാക്കളുടെ ബന്ധുക്കൾ, സംഭവ ദിവസം ബസ്സിലുണ്ടായിരുന്ന യാത്രക്കാർ എന്നിവരുടെ വിശദമായ മൊഴിയും പോലീസ് അടുത്ത ദിവസം രേഖപ്പെടുത്തും.
കുഴൽമന്ദം സിഐയുടെ നേതൃത്വത്തിലാണ് അന്വേഷണ സംഘം. തിങ്കളാഴ്ച രാത്രിയാണ് ദേശീയ പാതയിൽ രണ്ട് യുവാക്കളുടെ ജീവനെടുത്ത അപകടം. കുഴൽമന്ദത്തിന് സമീപം കെഎസ്ആർടിസി ബസ്സിനടിയിൽപ്പെട്ട് കാവശ്ശേരി സ്വദേശി ആദർശ്, കാസർകോട് സ്വദേശി സാബിത്ത് എന്നിവരാണ് മരിച്ചത്. അപകടകരമായ രീതിയിൽ ബസ് വലത്തേക്ക് വെട്ടിച്ച് ബൈക്കിനെ മറിച്ചിടുന്ന ദൃശ്യങ്ങൾ പുറകെ യുണ്ടായിരുന്ന കാറിലെ ഡാഷ് ബോർഡ് ക്യാമറിയിൽ പതിഞ്ഞിരുന്നു.
ബസ് ജീവനക്കാരുമായി യുവാക്കൾ തർക്കിച്ചിരുന്നെന്നും ഇതിലുളള വൈരാഗ്യത്താലാണ് ബസിടിപ്പിച്ചതെന്നും ബന്ധുക്കളോട് യാത്രക്കാരിൽ ചിലർ പറഞ്ഞിരുന്നു. കൊലക്കുറ്റത്തിന് കേസെടുത്ത് ഡ്രൈവറെ സർവ്വീസിൽ നിന്ന് നീക്കം ചെയ്യണമെന്നാണ് ബന്ധുക്കളുടെ ആവശ്യം. ഇക്കാര്യത്തിൽ വ്യക്തത വരുത്താനാണ് വിശദമായ മൊഴിയെടുപ്പ്. ദേശീയ പാതയോരത്തുളള കടകളിൽ നിന്നുൾപ്പെടെ സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കും.

















