ഉന്നാവോയിൽ രണ്ട് മാസമായി കാണാതായ ദലിത് യുവതിയുടെ മൃതദേഹം സംസ്ഥാനത്തെ മുൻമന്ത്രിയുടെ മകന്റെ ഉടമസ്ഥതയിലുള്ള ആശ്രമത്തിന് സമീപത്ത് നിന്നും കണ്ടെത്തി. സമാജ് വാദി മുൻ മന്ത്രിയായിരുന്ന ഫത്തേ ബഹദൂർ സിങിന്റെ മകൻ രാജോൾ സിങിനെ യുവതിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ ജനുവരി 24ന് തന്നെ അറസ്റ്റ് ചെയ്തിരുന്നതായി പൊലീസ് അറിയിച്ചു. അന്വേഷണം ഇത്രയും വൈകിപ്പിച്ചതിന് പ്രദേശത്തെ സ്റ്റേഷൻ ഓഫീസറായ അഖിലേഷ് ചന്ദ്ര പാണ്ഡയെ സസ്‌പെൻഡ് ചെയ്തതായും പൊലീസ് അറിയിച്ചു. കഴിഞ്ഞ ഡിസംബർ എട്ടിനാണ് യുവതിയെ കാണാനില്ലെന്ന് പറഞ്ഞ് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയത്.
സംഭവത്തിൽ പൊലീസിന്‍റെ അലംഭാവത്തെക്കുറിച്ച് യുവതിയുടെ ബന്ധുക്കൾ പരാതിപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ജനുവരി 25ന് ലഖ്‌നോവിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയ സമാജ്‌വാദി പാർട്ടി അധ്യക്ഷനായ അഖിലേഷ് യാദവിന്റെ വാഹനത്തിന് മുന്നിൽ യുവതിയുടെ അമ്മ തീകൊളുത്തി ആത്മഹത്യചെയ്യാന്‍ ശ്രമിച്ചിരുന്നു. എന്നാൽ ബന്ധുക്കളുടെ ആരോപണങ്ങളെ പൊലീസ് നിഷേധിക്കുകയും മൃതദേഹം പോസ്റ്റ്‌മോർട്ടം നടത്തിയതിന് ശേഷം തുടർ നടപടി സ്വീകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
















