പാലക്കാട്: മലമ്പുഴ ചെറാട് കൂര്‍മ്പാച്ചി മലയിടുക്കില്‍ കുടുങ്ങിപോയ ബാബു ആശുപത്രി വിട്ടു. ഇനി വീട്ടിൽ വിശ്രമം. യാത്രകൾ ഇഷ്ടമാണെന്നും മലകയറാൻ തോന്നിയാൽ ഇനിയും കയറുമെന്നും ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തതിനു പിന്നാലെ ബാബു പറഞ്ഞു. മലയിടുക്കിൽ നിന്ന് സ്വയം താഴേക്കിറങ്ങി രക്ഷപ്പെടാനും ഇതിനിടയിൽ ശ്രമങ്ങൾ നടത്തിയിരുന്നുവെന്നും ബാബു വ്യക്തമാക്കി.
രാത്രി ഗുഹയിൽ ഇരുന്നു. ശക്തമായ തണുപ്പു കാരണമാണ് താഴേക്കിറങ്ങിയത്. രക്ഷാപ്രവർത്തകർ വിളിക്കുമ്പോൾ അവർക്ക് മറുപടി നൽകി. ഫയർ ഫോഴ്സ് വന്ന് പെട്ടെന്ന് രക്ഷപ്പെടുത്താൻ സാധിച്ചാൽ രക്ഷപ്പെടാം അല്ലെങ്കിൽ താഴോട്ട് ഇറങ്ങിവന്ന് രക്ഷപ്പെടാം എന്നായിരുന്നു വിചാരിച്ചിരുന്നത്. കുടുങ്ങിയിടത്തുനിന്ന് എല്ലാവരേയും കാണാമായിരുന്നു. ആള്‍ക്കാരും ഹെലികോപ്ടറും ഒക്കെ വരുന്നത് കാണുന്നുണ്ടായിരുന്നു. എന്നും ബാബു വ്യക്തമാക്കി.

















