അഹമ്മദാബാദ്: ഗുജറാത്ത് തീരത്ത് കണ്ടെത്തിയ പാക് മത്സ്യബന്ധന ബോട്ടുകളിൽ എത്തിയവർക്കായി സൈന്യത്തിൻ്റെ സംയുക്ത തിരച്ചിൽ തുടരുന്നു. ബിഎസ്എഫിനും വ്യോമ സേനയ്ക്കുമൊപ്പം ഗുജറാത്ത് തീരദേശ പോലീസും ഓപ്പറേഷൻ്റെ ഭാഗമാണ്. ബുധനാഴ്ച അർധരാത്രിയോടെയാണ് 11 ബോട്ടുകൾ ബുജ് തീരത്തെ കടലിടുക്കിൽ കണ്ടെത്തിയത്. ബിഎസ്എഫിൻ്റെ പതിവ് നിരീക്ഷണത്തിലാണ് ബോട്ടുകൾ കണ്ടെത്തിയത്.
വ്യോമസേനയുടെ മൂന്ന് സംഘങ്ങളെ മൂന്നിടങ്ങളിൽ ഹെലികോപ്ടർ മാർഗം വിന്യസിച്ചിട്ടുണ്ട്. കണ്ടൽകാടുകൾ നിറഞ്ഞ ചതുപ്പു പ്രദേശത്ത് തിരച്ചിൽ ദുഷ്കരമാണ്. ബോട്ടിലെത്തിയവർ കരയിലേക്ക് പ്രവേശിച്ചിട്ടുണ്ടോ എന്ന സംശയത്തിലാണ് വ്യാപക തിരച്ചിൽ ആരംഭിച്ചത്. ഇന്ത്യ-പാക് സമുദ്രാതിർത്തിയിലെ ഹറാമി നാലാ കടലിടുക്കിലാണ് സംഭവം. പട്രോളിങ്ങിനിടെ ഡ്രോൺ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് സംശയാസ്പദമായ രീതിയിൽ മത്സ്യബന്ധന ബോട്ടുകൾ ബിഎസ്എഫിന്റെ ശ്രദ്ധയിൽപെടുന്നത്.
പിന്നാലെ കുതിച്ചെത്തിയ സൈന്യം ബോട്ടുകൾ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ബോട്ടുകളിൽ എത്തിയവർ സേനയുടെ നീക്കം തിരിച്ചറിഞ്ഞ് പാക് ഭാഗത്തേക്ക് രക്ഷപ്പെട്ടിരിക്കാമെന്നാണ് കരുതുന്നത്. സമുദ്രാതിർത്തി വഴി രാജ്യത്തേക്ക് നുഴഞ്ഞുകയറാനുള്ള ശ്രമമാണെന്നും സംശയമുണ്ട്. ഇന്ത്യൻ മത്സ്യത്തൊഴിലാളികൾക്കും നിരോധനമുള്ള സുരക്ഷാമേഖലയാണ് ഹറാമി നാലാ കടലിടുക്ക്.
















