കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള നടൻ ദിലീപിൻ്റെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിച്ചേക്കും. ഏറെ ദിവസങ്ങള്‍ നീണ്ട വാദപ്രതിവാദങ്ങള്‍ക്ക് ഒടുവിൽ ദിലീപിന് ഹൈക്കോടതി ഉപാധികളോടെ മുന്‍കൂർജാമ്യം അനുവദിച്ചതിന് പിന്നാലെയാണ് കേസ് തന്നെ നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹർജി.
നടിയെ ആക്രമിച്ചക്കേസ് അട്ടിമറിക്കാനാണ് അന്വേഷണവുമായി മുന്നോട്ട് പോകുന്നതെന്നാണ് ദിലീപ് ഉയർത്തുന്ന ആരോപണം. ഗൂഢാലോചനയ്ക്ക് തെളിവില്ലെന്നും, പ്രേരണാക്കുറ്റം നിലനിൽക്കില്ലെന്നും മുന്‍കൂർജാമ്യം അനുവദിച്ചുകൊണ്ട് കോടതി വ്യക്തമാക്കുകയുണ്ടായി. പ്രോസിക്യൂഷൻ വാദങ്ങൾ ഭൂരിഭാഗവും തള്ളിയായിരുന്നു കോടതി വിധി. വധഗൂഢാലോചനക്കേസിൽ മുൻകൂർ ജാമ്യം ലഭിച്ചതിന് പിന്നാലെ നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു.
തുടരന്വേഷണം റദ്ദാക്കണം, വിചാരണ വേഗത്തിലാക്കണം തുടങ്ങി രണ്ട് ആവശ്യങ്ങളാണ് ഹർജിയിൽ ദിലീപ് മുന്നോട്ട് വച്ചിരിക്കുന്നത്. നടിയെ ആക്രമിച്ചക്കേസ് അട്ടിമറിക്കാനാണ് തുടരന്വേഷണവുമായി മുന്നോട്ട് പോകുന്നതെന്നാണ് ഹർജിയിൽ ദിലീപ് ഉയർത്തുന്ന ആരോപണം. വിചാരണ നീട്ടികൊണ്ടു പോകാനുള്ള ശ്രമവും ഇപ്പോൾ നടത്തുന്നുണ്ട്. ഇതിൽ കാര്യക്ഷമമായ ഇടപെടൽ കോടതിയുടെ ഭാഗത്തു നിന്ന് ഉണ്ടാകണമെന്നും ദിലീപ് പറയുന്നു.

















