തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനു സ്‌പേസ് പാര്‍ക്കില്‍ ജൂനിയര്‍ കണ്‍സള്‍ട്ടന്റായി നിയമിച്ച് നല്‍കിയ ശമ്പളം തിരികെ പിടിക്കാന്‍ സര്‍ക്കാര്‍. സ്വപ്‌നയ്ക്ക് നല്‍കിയ ശമ്പളം മടക്കി നല്‍ണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ പ്രൈസ് വാട്ടര്‍ കൂപ്പേഴ്‌സിനു (പിഡബ്ല്യുസി) കത്തെഴുതി. ധനപരിശോധനാ വിഭാഗത്തിന്റെ റിപ്പോർട്ടിന്മേലാണ് നടപടി.
പിഡബ്ലുസിയാണ് നിയമനത്തിനായി സ്വപ്നയെ തെരഞ്ഞെടുത്തതെന്ന് കെഎസ്‌ഐടിഐഎല്‍ (കേരള സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ്) അധികൃതര്‍ അയച്ച കത്തില്‍ ചൂണ്ടിക്കാട്ടുന്നു. തുക തിരിച്ചു നല്‍കിയില്ലെങ്കില്‍ കണ്‍സള്‍ട്ടന്‍സി ഫീസായി പിഡബ്ല്യുസിക്കു നല്‍കാനുള്ള ഒരു കോടിരൂപ നല്‍കേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ തീരുമാനം.
നേരത്തെ തന്നെ ഇതുമായി ബന്ധപ്പെട്ട ധനകാര്യ പരിശോധന വിഭാഗത്തിന്റെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ കൂടി അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ പിഡബ്ല്യുസിക്ക് ഇങ്ങനെയൊരു കത്തെഴുതിയിരിക്കുന്നത്.
എം.ശിവശങ്കർ, കെഎസ്ടിഐഎൽ മുൻ എം ഡി ജയശങ്കർ പ്രസാദ്, പ്രൈസ് വാട്ടർ കൂപ്പർ എന്നിവരിൽ നിന്നും തിരിച്ചു പിടിക്കാനായിരുന്നു ധനപരിശോധന വിഭാഗത്തിന്റെ ശുപാർശ.
ഐടി വകുപ്പിന് കീഴിലെ സ്പെയ്സ് പാർക്കിലാണ് സ്വപ്നയ്ക്ക് നിയമനം ലഭിച്ചത്. കൺസൾട്ടൻസി കമ്പനിയായ പ്രൈസ് വാട്ടർ കൂപ്പറാണ് സ്വപ്നയെ തെരഞ്ഞെടുത്തത്. ധനകാര്യ വകുപ്പിന്റെ ശുപാർശയിൽ ഒരു വർഷമായി ഐടി വകുപ്പ് ഒരു നടപടിയും സ്വീകരിച്ചിരുന്നില്ല. അതേ ഐടി വകുപ്പാണ് ഇപ്പോൾ നോട്ടീസ് നൽകിയത്. ക്രമക്കേട് കാണിച്ച ഉദ്യോഗസ്ഥരെ ഒഴിവാക്കി പ്രൈസ് വാട്ടർ കൂപ്പറിൽ നിന്ന് മാത്രം നഷ്ടം ഈടാക്കാനാണ് നീക്കം.

















