തൃശൂര്‍: പോലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞ പോക്സോ കേസ് പ്രതി പിടിയിൽ. വിയ്യൂര്‍ ജയിലില്‍നിന്ന് ചികിത്സയ്ക്കായി മെഡിക്കല്‍ കോളജില്‍ എത്തിച്ചപ്പോൾ കടന്നുകളഞ്ഞ ഉത്തര്‍പ്രദേശ് സ്വദേശി ഷെഹീനാണ് പിടിയിലായത്. ഇയാളെ നാട്ടൂകാർ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. വെളപ്പായയിൽ നിന്നാണ് പ്രതിയെ പിടിച്ചത്.
വ്യാഴാഴ്ച ഉച്ചയോടെയാണ് ഇയാൾ രക്ഷപ്പെട്ടത്. ശ്വാസകോശ സംബന്ധമായ അസുഖമുണ്ടെന്ന് അറിയിച്ചതിനെ തുടർന്നാണ് കൊച്ചിയിലെ പീഡനക്കേസ് പ്രതിയായ ഇയാളെ മെഡിക്കൽ കോളേജിലെത്തിച്ചത്. ജയിലിലെ മറ്റ് പ്രതികൾക്ക് ഒപ്പമാണ് ഇയാളെയും ആശുപത്രിയിലെത്തിച്ചിരുന്നത്. എന്നാൽ അധികൃതരുടെ കണ്ണുവെട്ടിച്ച് ഉച്ചയോടെ കടന്നുകളയുകയായിരുന്നു.
പ്രതി രക്ഷപ്പെട്ട വിവരം മാധ്യമങ്ങളിലൂടെ അറിഞ്ഞ നാട്ടുകാർ സംശയാസ്പദമായ നിലയിൽ കണ്ട ഫായിസിനോട് വിവരങ്ങൾ തിരക്കി. ഇതോടെ ഇയാൾ ഓടിരക്ഷപ്പെടാൻ ശ്രമിച്ചു. തുടർന്ന് നാട്ടുകാർ ചേർന്ന് പിടികൂടുകയായിരുന്നു. കുതറിയോടി രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ നാട്ടുകാർ കെട്ടിയിട്ട ശേഷമാണ് പൊലീസിനെ വിവരമറിയിച്ചത്.
2021-ല്‍ എറണാകുളം ഏലൂരില്‍ നടന്ന ഒരു പോക്സോ കേസുമായി ബന്ധപ്പെട്ടാണ് ഷെഹീനെ അറസ്റ്റു ചെയ്തത്. വിചാരണ നടപടികള്‍ പുരോഗമിക്കുകയാണ്. ഇതിനിടെയാണ് പ്രതി ചാടിപ്പോയത്.

















