കൊച്ചി: സംപ്രേഷണം വിലക്കിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യണമെന്ന മീഡിയ വണ്‍ ചാനലിന്റെ ആവശ്യം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അംഗീകരിച്ചില്ല. ഹര്‍ജിയില്‍ വാദം കേട്ട് വിധി പറയാനായി മാറ്റി.
സംപ്രേക്ഷണം വിലക്കിയ കേന്ദ്രസർക്കാർ ഉത്തരവിനെതിരെ നേരത്തെ മീഡിയ വൺ ചാനലിൻ്റെ ഉടമസ്ഥരായ മാധ്യമം ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡ് സിംഗിൾ ബെഞ്ചിനെ സമീപിച്ചിരുന്നു. എന്നാൽ ഈ ഹർജി സിംഗിൾ ബെഞ്ച് തള്ളി. ഇതിനെതിര മാധ്യമം ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡ്, മീഡിയ വൺ എഡിറ്റർ പ്രമോദ് രാമൻ, കേരള പത്രപ്രവർത്തക യൂണിയൻ എന്നിവർ കക്ഷികളായി ഡിവിഷൻ ബെഞ്ചിൽ റിട്ട് ഹർജി സമർപ്പിക്കുകയായിരുന്നു.
കേസില്‍ മീഡിയ വണ്ണിന് വേണ്ടി സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദാവെ ഹാജരായി. ദേശസുരക്ഷയാണ് പ്രശ്‌നമെങ്കില്‍ കഴിഞ്ഞദിവസം വരെ എന്തിന് സംപ്രേഷണത്തിന് അനുമതി നല്‍കിയെന്ന് അഭിഭാഷകന്‍ ദുഷ്യന്ത് ദാവെ ചോദിച്ചു. ലൈസന്‍സ് ഓരോ ഘട്ടത്തിലും പുതുക്കുമ്പോള്‍ സുരക്ഷാ ക്ലിയറന്‍സിന്റെ ആവശ്യമില്ലെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.
അതേസമയം ചാനലിനെതിരെ ഗൗരവമുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കമ്മിറ്റിയാണ് സുരക്ഷാ ക്ലിയറന്‍സ് നിഷേധിച്ചതെന്ന് കേന്ദ്രം വ്യക്തമാക്കി. ചാനലുമായി ബന്ധപ്പെട്ട് ഗൗരവമേറിയ സുരക്ഷാപ്രശ്‌നങ്ങല്‍ ഉണ്ട്. ഇക്കാര്യങ്ങള്‍ മുദ്രവെച്ച കവറില്‍ കോടതിയില്‍ ഹാജരാക്കാന്‍ തയ്യാറാണെന്ന് കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു.
കേസിൽ വാദം പൂർത്തിയാവും വരെ ചാനലിൻ്റെ സംപ്രേക്ഷണം പുനരാരംഭിക്കാൻ അനുവദിച്ചു കൊണ്ട് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്ന് ദുഷ്യന്ത് ദാവെ ആവശ്യപ്പെട്ടെങ്കിലും ഇതിന് ഹൈക്കോടതി തയ്യാറായില്ല. അന്തിമ വിധി പ്രസ്താവത്തിനായി കേസ് മാറ്റിവയ്ക്കുന്നതായി ചീഫ് ജസ്റ്റിസ് അറിയിച്ചു. കേന്ദ്രസർക്കാർ നൽകുന്ന രേഖകൾ കൂടി പരിശോധിച്ച ശേഷമായിരിക്കും അന്തിമ വിധി പ്രസ്താവമുണ്ടാക്കുക.

















