ഷഹറാന്‍പുര്‍: രാജ്യത്തെ മുസ്ലീം സ്ത്രീകൾക്കും വേണ്ടിയാണ് ബിജെപി നിലകൊള്ളുന്നതെന്നും പ്രതിപക്ഷപാർട്ടികൾ മുസ്ലീം സഹോദരിമാരെ കബളിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. മുത്തലാഖ് എന്ന വിപത്തിൽ നിന്ന് മുസ്ലീം സഹോദരിമാരെയും പെൺകുട്ടികളെയും മോചിപ്പിച്ചത് ബിജെപി സർക്കാർ ആണെന്നും അദ്ദേഹം പറഞ്ഞു. ഉത്തർപ്രദേശിലെ സഹരൻപൂരിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘മുത്തലാഖ് നിരോധിച്ചതോടെ, ബിജെപി മുസ്ലീം സ്ത്രീകള്‍ക്ക് നീതി നല്‍കി. എന്നാല്‍ മുസ്ലിം സഹോദരിമാര്‍ മോദിയെ പുകഴ്ത്തുന്നത് കാണുമ്പോള്‍ അത് അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ കരുതുന്നു’-മോദി പറഞ്ഞു. മുസ്ലിം വനിതകളുടെ അവകാശങ്ങള്‍ക്ക് കുറുകേ നില്‍ക്കാന്‍ പ്രതിപക്ഷം പുതിയ വഴികള്‍ കണ്ടെത്തുകയാണ്. ഇരയായ എല്ലാ മുസ്ലീം സ്ത്രീകള്‍ക്കും ഒപ്പം ബിജെപി സര്‍ക്കാര്‍ നില്‍ക്കുമ്പോള്‍ പ്രതിപക്ഷം അവരെ തെറ്റിദ്ധരിപ്പിക്കുകയാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഉത്തര്‍പ്രദേശില്‍ വികസനം കൊണ്ടുവന്നവര്‍ക്കാണ് ജനങ്ങള്‍ വോട്ട് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്. യുപിയെ വര്‍ഗീയ കലാപങ്ങളില്‍ നിന്ന് മുക്തരാക്കിയവര്‍ക്കും അമ്മമാരേയും പെണ്‍കുട്ടികളെയും ഭയത്തില്‍ നിന്ന് മോചിപ്പിച്ചവര്‍ക്കുമാണ് യുപിയിലെ ജനങ്ങള്‍ വോട്ടു ചെയ്യുക എന്നും മോദി പറഞ്ഞു.
















