ന്യൂഡല്‍ഹി: ഉത്തർ പ്രദേശ് കേരളം പോലെ ആകാതിരിക്കാൻ ബിജെപിക്ക് വോട്ട് ചെയ്യണമെന്ന യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിൻ്റെ പ്രസ്താവനക്കെതിരെ രൂക്ഷ പ്രതികരണവുമായി സിപിഎം നേതാവ് സീതാറാം യെച്ചൂരി രംഗത്ത്.
കേരളം നീതി ആയോഗിൻ്റെ വികസന സൂചികയില്‍ ഒന്നാമത് ആണെന്നും കേരളത്തെപ്പോലെയാകാന്‍ യുപി ബിജെപിയെ തുരത്തി ഓടിക്കണമെന്നും അദ്ദേഹം പറഞ്ഞു. വോട്ടര്‍മാര്‍ക്ക് പിഴവ് പറ്റിയാല്‍ ഉത്തര്‍പ്രദേശ്, കശ്മീരോ കേരളമോ ബംഗാളോ ആയി മാറും എന്നായിരുന്നു യോഗി ആദിത്യനാഥിൻ്റെ വിദ്വേഷ പ്രസംഗം.
യുപിയില്‍ ആദ്യഘട്ട പോളിങ്ങ് ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് യോഗിയുടെ വിവാദ പ്രസ്താവന. ഭയരഹിതമായി ജീവിക്കാന്‍ എല്ലാവരും ബിജെപിക്ക് വോട്ട് ചെയ്യണമെന്ന് യോഗി ആവശ്യപ്പെട്ടു. ഉത്തര്‍പ്രദേശ് ബിജെപിയാണ് യോഗിയുടെ വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചത്.
കഴിഞ്ഞ അഞ്ചു വര്‍ഷം സംസ്ഥാനത്ത് പല അദ്ഭുതങ്ങളും നടന്നുവെന്നും എന്തെങ്കിലും പിഴവ് നിങ്ങള്‍ക്കു സംഭവിച്ചാല്‍ ഈ അഞ്ചു വര്‍ഷത്തെ പ്രയത്‌നവും വൃഥാവിലാകുമെന്നും യോഗി പറഞ്ഞു.
















