പാലക്കാട്: മലമ്പുഴ ചെറാട് കൂർമ്പാച്ചി മലയിടുക്കിൽ കുടുങ്ങിയ പാലക്കാട് സ്വദേശി ബാബുവിനെതിരെ വനം വകുപ്പ് കേസെടുത്തതിൽ മന്ത്രി എകെ ശശീന്ദ്രന് അതൃപ്തി പ്രകടിപ്പിച്ചു . വനം വകുപ്പ് മേധാവിയുടെയും ചീഫ് വൈൽഡ് ലൈഫ് വാർഡനെയും മന്ത്രി വിളിപ്പിച്ചു. കേസ് നടപടി വേഗത്തിലായിപ്പോയെന്ന് മന്ത്രി ശശീന്ദ്രൻ പ്രതികരിക്കുകയും ചെയ്തു.
മുൻ മന്ത്രി എ.കെ ബാലൻ, ഡിഎംഒ ഡോ കെപി റീത്ത എന്നിവർ ബാബുവിനെ ഐസിയുവിൽ കാണുന്നു. ജില്ലാ കളക്ടർ മൃൺമയി ജോഷി ബാബുവിനെ വിളിച്ച് ആരോഗ്യ വിവരം തിരക്കി. ബാബുവിന്റെ കുടുംബത്തിനോ ബാബുവിനോ സ്പർധ ഉണ്ടാക്കുന്നതൊന്നും വനം വകുപ്പ് ചെയ്യില്ലെന്ന് എകെ ബാലൻ പറഞ്ഞു.
അതേസമയം, ബാബുവിന് ഇന്നലെ ദ്രാവകരൂപത്തിലുള്ള ഭക്ഷണം നൽകിയെന്ന് ഡിഎംഒ ഡോ കെപി റീത്ത പറഞ്ഞു. സിടി സ്കാൻ എടുത്തു. അതിൽ കുഴപ്പമില്ല. യുവാവ് ഭക്ഷണം കഴിക്കുന്നുണ്ടെന്നും ഇദ്ദേഹത്തെ വീട്ടുകാർ കാണുന്നുണ്ടെന്നും അവർ പറഞ്ഞു. ബാബുവിന്റെ കാലിലെ പരിക്ക് സാരമുള്ളതല്ല.

















