ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങളില്‍ പാര്‍ലമെന്റില്‍ കൃത്യമായ മറുപടി പറയാന്‍ തയ്യാറാകുന്നില്ലെന്ന് വിമര്‍ശിച്ച കോണ്‍ഗ്രസിനെതിരെ പ്രധാനമന്ത്രി. കേള്‍ക്കാന്‍ തയ്യാറാകാത്ത, പാര്‍ലമെന്റില്‍ വരാത്ത ആള്‍ക്ക് താനങ്ങനെ മറുപടി നല്‍കുമെന്ന് പ്രധാനമന്ത്രി ചോദിച്ചു. ലോക്‌സഭയില്‍ രാഹുല്‍ ഗാന്ധി ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മോദി മറുപടി പറഞ്ഞില്ലെന്ന വിമര്‍ശനങ്ങളോട് പ്രതികരിക്കുകയായിരുന്നു പ്രധാനമന്ത്രി.
പാര്‍ലമെന്‍റില്‍ ചര്‍ച്ചകളെ സ്വാഗതം ചെയ്യുന്നതായും ചര്‍ച്ചയില്‍ വിശ്വസിക്കുന്നതായും മോദി പറഞ്ഞു. കാർഷിക നിയമങ്ങളെയും പ്രധാനമന്ത്രി ന്യായീകരിച്ചു. നിയമങ്ങൾ കർഷകതാല്‍പ്പര്യം സംരക്ഷിക്കുന്നതാണ്. എന്നാല്‍ ദേശീയതാല്‍പ്പര്യം പരിഗണിച്ചാണ് നിയമങ്ങള്‍ പിൻവലിച്ചത്. ഇതേക്കുറിച്ച് കൂടുതൽ വിശദീകരിക്കുന്നില്ലെന്നും മോദി പറഞ്ഞു.
സുരക്ഷാ വീഴ്ച്ചയെക്കുറിച്ചുള്ള ചോദ്യത്തിന് പഞ്ചാബുമായി തനിക്കുള്ളത് ഏറെക്കാലത്തെ ബന്ധമെന്ന് നരേന്ദ്ര മോദി പ്രതികരിച്ചു. സുപ്രീംകോടതി പരിശോധിക്കുന്നത് കൊണ്ട് കൂടുതൽ വിശദീകരണത്തിന് ഇല്ലെന്നും മോദി പറഞ്ഞു.
ലോക്‌സഭയില്‍ നടത്തിയ പ്രസംഗത്തില്‍ പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് രാഹുല്‍ ഗാന്ധി നടത്തിയിരുന്നത്. പണപ്പെരുപ്പം, തൊഴിലില്ലായ്മ, ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം തുടങ്ങിയ വിഷയങ്ങളില്‍ ഊന്നിയായിരുന്നു രാഹുലിന്റെ കടന്നാക്രമണം. എന്നാല്‍ ചോദ്യങ്ങളെ അഭിമുഖീരിക്കുന്നതില്‍ ഭയപ്പെടുന്ന മോദി കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും രാഹുല്‍ വിമര്‍ശിച്ചിരുന്നു.
















