ആലപ്പുഴ: കൈക്കൂലി വാങ്ങിയ ആലപ്പുഴ നഗരസഭാ ഉദ്യോഗസ്ഥനെ വിജിലൻസ് അറസ്റ്റ് ചെയ്തു. നഗരസഭയിലെ റവന്യൂ ഇൻസ്പെക്ടറും തിരുവല്ല സ്വദേശിയുമായ ജയരാജാണ് പിടിയിലായത്.
വീടിന്റെ ഉടമസ്ഥാവകാശം മാറ്റി നൽകുന്നതിന് നഗരസഭാ ഓഫീസിലെത്തിയ ആളോട് ഇയാൾ 10,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു.തുടർന്ന് പരാതിക്കാരൻ വിജിലൻസിനെ സമീപിക്കുകയായിരുന്നു. കൈക്കൂലി പണത്തിന്റെ ആദ്യഗഡുവായ 2,500 രൂപ ഇയാൾക്ക് ഇന്ന് നൽകിയിരുന്നു.
ഓഫീസിന് പുറത്തുനിന്ന് പണം വാങ്ങിയ ഇയാളെ വിജിലൻസ് കൈയോടെ പിടികൂടുകയായിരുന്നു. ഇയാളിൽ നിന്നും കൈക്കൂലിയായി വാങ്ങിയ പണവും വിജിലൻസ് കണ്ടെടുത്തു.