തിരുവനന്തപുരം: ലോകായുക്ത നിയമഭേദഗതിയില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്. രാജ്യത്തെ മറ്റൊരു സംസ്ഥാനത്തെയും ലോകായുക്തയില്‍ ഇല്ലാതിരുന്ന വ്യവസ്ഥയായിരുന്നു കേരളത്തില്‍ ഉണ്ടായിരുന്നത്. അതില്‍ മാറ്റം വേണമെന്ന നിയമോപദേശം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നടപടി സ്വീകരിച്ചതെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
നീതിന്യായക്കോടതിയും നിയമനിര്‍മാണസഭ സൃഷ്ടിക്കുന്ന സംവിധാനങ്ങളും തമ്മില്‍ വ്യത്യാസമുണ്ട്. ആ വ്യത്യാസം നിലനില്‍ക്കാത്ത തരത്തിലുള്ള ഒന്നായിരുന്നു ലോകായുക്തയില്‍ നേരത്തെയുള്ള വ്യവസ്ഥകള്‍. ജുഡീഷറിക്കുള്ള അധികാരം ജുഡീഷറിയുടെ ഭാഗമായി തന്നെ നിലനിര്‍ത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിങ്കളാഴ്ചയാണ് ലോകായുക്ത ഓര്‍ഡിനന്‍സ് പുറത്തിറങ്ങിയത്. ഇതോടെ പൊതുപ്രവര്‍ത്തകര്‍ക്കെതിരായ ലോകായുക്ത വിധി ഇനി സര്‍ക്കാരിന് തളളാം. ഗവര്‍ണര്‍ ഒപ്പുവെച്ച ഓര്‍ഡിനന്‍സിനെതിരെ പ്രതിപക്ഷവും ബിജെപിയും വിമര്‍ശനവുമായി രംഗത്തെത്തിയതിനുപിന്നാലെയാണ് സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയത്.
വിദേശ സന്ദര്‍ശനം കഴിഞ്ഞ് തിരിച്ചെത്തിയ ശേഷം മുഖ്യമന്ത്രി പിണറായി വിജയന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വിവാദമായ ലോകായുക്ത നിയമഭേദഗതി ഓര്‍ഡിനന്‍സിനെ കുറിച്ച് മുഖ്യമന്ത്രി ഗവര്‍ണറോട് വിശദീകരിച്ചിരുന്നു. ഓര്‍ഡിനന്‍സ് ഭരണഘടനയനുസരിച്ചാണെന്ന് മുഖ്യമന്ത്രി ഗവര്‍ണറെ അറിയിച്ചതിന് പിന്നാലെയാണ് ലോകായുക്ത നിയമഭേദഗതിക്ക് ഗവര്‍ണര്‍ അംഗീകാരം നല്‍കിയത്.
ലോകായുക്ത നിയമത്തിലെ 14ാം വകുപ്പിലെ ഭേദഗതിക്കാണ് ഗവര്‍ണര്‍ അംഗീകാരം നല്‍കിയത്. ഇതോടെ പൊതുപ്രവര്‍ത്തകര്‍ക്കെതിരായ ലോകായുക്ത വിധി ഇനി സര്‍ക്കാരിന് തളളാം. ഭരണകക്ഷിയില്‍ ഉള്‍പ്പെട്ട സിപിഐയുടേയും പ്രതിപക്ഷത്തിന്റേയും ബിജെപിയുടേയും എതിര് വാദങ്ങളേയും ഒപ്പിടരുതെന്ന ആവശ്യത്തേയും തള്ളിയാണ് ഗവര്‍ണറുടെ തീരുമാനം.ഇത് സര്‍ക്കാരിന് വലിയ ആശ്വാസം നല്കുന്ന നടപടി ആണ്.

















