ചെന്നൈ: തമിഴ്‌നാട്ടിൽ അനധികൃത മണൽ ഖനനം നടത്തിയക്കേസിൽ സീറോ മലങ്കര ബിഷപ്പ് സാമുവൽ മാർ ഐറോണിയോസ് അടക്കമുള്ള അഞ്ച് പുരോഹിതരുടെ ജാമ്യാപേക്ഷ കോടതി തള്ളി. തിരുനെൽവേലി മജിസ്‌ടേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.
അംബാസമുദ്രത്ത് സഭയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തിന് സമീപമുള്ള താമരഭരണി നദിയിൽ നിന്ന് മണൽ കടത്തിയതിനാണ് ബിഷപ്പിനെയും സഭാ വികാരി ജനറലിനെയും നാല് വൈദികരെയും ഇന്നലെ അറസ്റ്റ് ചെയ്തത്.
നാട്ടുകാരുടേയും പരിസ്ഥിതി പ്രവർത്തകരുടേയും പരാതിയെത്തുടർന്ന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് കേസ് കഴിഞ്ഞ വർഷം ക്രൈംബ്രാഞ്ചിന് വിട്ടിരുന്നു. ഇന്നലെ ചോദ്യം ചെയ്യാൻ തിരുനെൽവേലിയിലേക്ക് വിളിച്ച് വരുത്തിയ ബിഷപ്പിനേയും വൈദികരേയും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. ഭൂമി പാട്ടത്തിനെടുത്തയാളാണ് നിയമ വിരുദ്ധ ഖനനത്തിന് പിന്നിലെന്ന് മലങ്കര സഭ പത്തനംതിട്ട രൂപത വാർത്താക്കുറപ്പിലൂടെ അറിയിച്ചു.
ബിഷപ്പ് സാമുവൽ മാർ ഐറേനിയസ്, വികാരി ജനറൽ ഷാജി തോമസ് മണിക്കുളം, പുരോഹിതൻമാരായ ജോർജ് സാമുവൽ, ഷാജി തോമസ്, ജിജോ ജെയിംസ്, ജോർജ് കവിയൽ എന്നിവരെ ക്രൈംബ്രാഞ്ച് കുറ്റാന്വേഷണ വിഭാഗം തിരുനൽവേലി യൂണിറ്റാണ് അറസ്റ്റ് ചെയ്തത്.
സഭയുടെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ അനധികൃതമായി മണൽ ഖനനം നടക്കുന്നുണ്ടെന്ന് നേരത്തെ സ്ഥിരീകരിക്കപ്പെട്ടിരുന്നു. സീറോ മലങ്കര സഭ പത്തനംതിട്ട അതിരൂപതയുടെ കീഴിലുള്ള ഭൂമിയിലാണ് അനധികൃത മണൽ ഖനനം നടന്നത്. ഈ ഭൂമിയിൽ പുരോഹിതർ അറിയാതെ അനധികൃതമായി മണൽ ഖനനം നടക്കില്ലെന്ന വാദമാണ് സർക്കാർ അഭിഭാഷകൻ കോടതിയിൽ ഉന്നയിച്ചത്. ഇതിനെ പ്രതിഭാഗം അഭിഭാഷകൻ എതിർത്തെങ്കിലും ഫലമുണ്ടായില്ല.
പുരോഹിതർ അറിയാതെ സഭയുടെ ഭൂമിയിൽ അനധികൃത മണൽ ഖനനം നടക്കില്ലെന്ന സർക്കാർ അഭിഭാഷകന്റെ വാദത്തെ ശരിവെക്കുകയാണ് തിരുനെൽവേലി മജിസ്‌ടേറ്റ് കോടതി ചെയ്തത്. പിന്നീട് പുരോഹിതരുടെ ജാമ്യാപേക്ഷ മജിസ്‌ട്രേറ്റ് കോടതി തള്ളുകയായിരുന്നു. ജാമ്യാപേക്ഷ തള്ളിയ മജിസ്‌ട്രേറ്റ് കോടതി വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീലിന് പോകനാണ് സഭാ നേതൃത്വത്തിന്റെ തീരുമാനം.

















