ഡൽഹി: ഹിജാബ് ധരിക്കാൻ ഉള്ള അവകാശത്തിനായി കർണാടകയിലെ വിദ്യാർത്ഥികൾ നടത്തുന്ന പ്രതിഷേധം ഹിന്ദു മുസ്ലീം ചേരി തിരിഞ്ഞുള്ള ആക്രമണങ്ങളിലേക്ക് വഴി മാറുന്നതിനിടെ പ്രതികരണവുമായി നൊബേൽ സമ്മാന ജേതാവും സാമൂഹ്യപ്രവർത്തകയുമായ മലാലാ യൂസഫ്സായ് രംഗത്ത്. ഹിജാബ് ധരിച്ച് പെൺകുട്ടികളെ സ്കൂളിൽ പോകാൻ അനുവദിക്കാത്തത് വളരെ ഭയാനകമാണെന്ന് ഇതുമായി ബന്ധപ്പെട്ട ഒരു വാർത്ത പങ്കുവച്ച് മലാല ട്വീറ്റ് പങ്ക് വച്ചു. സ്ത്രീകളെ മാറ്റി നിർത്തുന്നത് ഇനിയെങ്കിലും ഇന്ത്യൻ നേതാക്കൾ അവസാനിപ്പിക്കണമെന്നും അവർ ആവശ്യപ്പെടുകയും ചെയ്തു.
ഹിജാബോ വിദ്യാഭ്യാസമോ? നിര്‍ബന്ധിത തെരഞ്ഞെടുപ്പിലേക്ക് കോളേജുകൾ വിദ്യാർത്ഥികളെ എത്തിക്കുകയാണെന്ന് മലാല വിദ്യാർത്ഥികളുടെ ഒരാളുടെ വാക്കുകൾ സൂചിപ്പിച്ചുകൊണ്ട് കൂട്ടിച്ചേർത്തു. ഹിജാബോ വിദ്യാഭ്യാസമോ? നിര്‍ബന്ധിത തെരഞ്ഞെടുപ്പിലേക്ക് കോളേജ് ഞങ്ങളെ എത്തിക്കുന്നുവെന്ന ഒരു വിദ്യാർത്ഥിനിയുടെ വാചകം ഉദ്ദരിച്ചാണ് മലാലയുടെ ട്വീറ്റ് തുടങ്ങുന്നത്.
















