തിരുവനന്തപുരം: അനാവശ്യമായി മോണോ ക്ലോണൽ ആന്റി ബോഡി ചികിത്സ നടത്തുന്ന സ്വകാര്യ ആശുപത്രികൾക്കെതിരെ നടപടി എടുക്കാൻ ആരോഗ്യവകുപ്പിനു നിർദേശം നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. ആരോഗ്യവകുപ്പ് ഇതുസംബന്ധിച്ച മാർഗരേഖ പുറത്തിറക്കി. ഇതു ലംഘിക്കുന്ന ആശുപത്രികൾക്കെതിരെ കർശന നടപടി സ്വീകരിക്കാനാണു നിർദേശിച്ചത്.
കോവിഡാനന്തര രോഗവിവരങ്ങൾ രേഖപ്പെടുത്താൻ പോസ്റ്റ് കോവിഡ് രജിസ്ട്രി ആരംഭിക്കുന്ന കാര്യം ആരോഗ്യ വകുപ്പ് പരിശോധിക്കും. മെഡിക്കൽ കോളജ് ആശുപത്രികളിൽ കോവിഡ് ജോലിക്ക് നിയോഗിക്കപ്പെട്ടവർ സമയബന്ധിതമായി ജോലിക്ക് എത്താത്തത് പലപ്പോഴും പ്രയാസങ്ങൾ സൃഷ്ടിക്കുന്നതായി യോഗം വിലയിരുത്തി.
ഇതു ഗൗരവമായി പരിഗണിച്ചു പരിഹരിക്കാൻ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് നിർദേശം നൽകി. ഗുരുതരാവസ്ഥയിലുള്ളവരെ സീനിയർ ഡോക്ടർമാർ കൂടി പരിശോധിക്കണമെന്ന നിർദേശം പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാനും നിർദേശിച്ചു.

















