പാലക്കാട്: മലമ്പുഴ ചേറാട് മലയിൽ കുടുങ്ങി കിടക്കുന്ന യുവാവിനെ രക്ഷപ്പെടുത്താനായി ആർമിയുടെ രക്ഷാദൗത്യം ഇന്ന് രാത്രി പത്ത് മണിയോടെ തന്നെ ആരംഭിക്കും. രക്ഷാപ്രവർത്തനത്തിനായി പത്ത് പേരടങ്ങുന്ന സംഘം മലമ്പുഴയിലേക്ക് പുറപ്പെട്ടു.
പർവതാരോഹണ രക്ഷാപ്രവർത്തനത്തിലെ വിദഗ്ധരാണ് ആർമി ദൗത്യസംഘത്തിൽ ഉൾപ്പെട്ടിട്ടുള്ളത്. കാർഗിൽ ഓപറേഷൻ, ഉത്തരാഖണ്ഡ് ദൗത്യം എന്നിവയിൽ പങ്കെടുത്തവരാണ് മലമ്പുഴയിലേക്ക് തിരിച്ചിരിക്കുന്നത്. ഇന്ന് രാത്രി തന്നെ രക്ഷാപ്രവർത്തനം ആരംഭിക്കാനുള്ള സജ്ജീകരണങ്ങളോടെയാണ് സംഘം യാത്ര തിരിച്ചിരിക്കുന്നത്. പ്രദേശത്തെ കുറിച്ചുള്ള വിവരങ്ങളെല്ലാം സംഘം ശേഖരിച്ചുകഴിഞ്ഞു.
രക്ഷാദൗത്യത്തിൽ വ്യോമസേനയും പങ്കാളികളാകും. ബംഗളൂരുവിൽ നിന്ന് പാരാ കമാൻഡോകൾ പുറപ്പെട്ടു. അവരെ വ്യോമ മാർഗം സുലൂരിൽ എത്തിക്കും. അവിടെ നിന്ന് റോഡ് മാ ർഗം മലമ്പുഴയിലെത്തുമെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.
ഹെലികോപ്റ്റര്‍ ഉപയോഗിച്ചുള്ള രക്ഷാപ്രവർത്തനം ദുഷ്കരമായതോടെയാണ് കര വ്യോമ സേനകളെ വിളിക്കാൻ അധികൃതർ തീരുമാനിച്ചത്. യുവാവ് മ ലയിടുക്കിൽ കുടുങ്ങിയിട്ട് 29 മണിക്കൂർ പിന്നിട്ടു.
മലമ്പുഴ ചെറാട് സ്വദേശി ആര്. ബാബു(23)ആണ് മലയില്‍ കാല് വഴുതി വീണ് കുടുങ്ങിയത്. ഇയാൾ ഇപ്പോഴും മലയിടുക്കിലെ ചെറിയ ഗുഹയിൽ ഇരിക്കുകയാണ്. തിങ്കളാഴ്ച ഉച്ചയോടെ അപകടത്തിൽപ്പെട്ട ബാബുവിന് ഇതുവരെ ഭക്ഷണമോ വെള്ളമോ എത്തിക്കാൻ കഴിഞ്ഞിട്ടില്ല. യുവാവിനെ ഹെലികോപ്ടർ ഉപയോഗിച്ച് താഴെയിറക്കാൻ നീക്കം നടത്തിയെങ്കിലും ഫലം കണ്ടില്ല. കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ മലയിലേക്ക് എത്തിയെങ്കിലും ശക്തമായ കാറ്റ് മൂലം യുവാവിന് അരികിലേക്ക് എത്താനോ നിയന്ത്രിച്ചുനിർത്താനോ സാധിച്ചില്ല. ഇതേ തുടർന്ന് ഹെലികോപ്റ്റർ കഞ്ചിക്കോട്ടേക്ക് തിരിച്ചു പോയി. ഹെലികോപ്റ്റർ ഉപയോഗിച്ച് തന്നെ ബാബുവിന് ഭക്ഷണവും വെള്ളവും എത്തിക്കാനുള്ള നീക്കമാണ് ഇപ്പോൾ നടത്തുന്നത്.

















