കൊച്ചി: നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപ് ഉൾപ്പെടെയുള്ള പ്രതികളുടെ ശബ്ദപരിശോധന പൂർത്തിയായി. ദിലീപ്, സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് സുരാജ് എന്നിവരുടെ ശബ്ദപരിശോധനയാണ് പൂർത്തിയായത്.
കാക്കനാട് ചിത്രാഞ്ജലി സ്റ്റുഡിയോയിൽ നടന്ന ശബ്ദപരിശോധനയിലെ സാമ്പിളുകൾ തിരുവനന്തപുരം ഫോറൻസിക് ലാബിലേക്ക് അയക്കും. ബാലചന്ദ്രകുമാറിൽ നിന്ന് ശേഖരിച്ച ശബ്ദസാമ്പിളുകൾ ഈ ശബ്ദസാമ്പിളുകളുമായി ഒത്തുനോക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ശബ്ദപരിശോധനാ സാമ്പിളുകൾ നൽകാനായി രാവിലെ 11 മണിക്ക് തന്നെ ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾ ചിത്രാഞ്ജലി സ്റ്റുഡിയോയിൽ എത്തിയിരുന്നു. അരമണിക്കൂറാണ് ഓരോ പ്രതികൾക്കും ശബ്ദസാമ്പിളുകൾ നൽകാൻ അനുവദിച്ചിരുന്നത്. മൂന്ന് മിനിറ്റ് ദൈർഖ്യമുള്ള അഞ്ച് സാമ്പിളുകളാണ് ഓരോരുത്തരും നൽകണ്ടേണ്ടത്.
നേരത്തെ തന്നെ അന്വേഷണ സംഘം ചില സംഭാഷണങ്ങൾ തയാറാക്കി കൊണ്ടുവന്നിട്ടുണ്ട്. ഈ സംഭാഷണങ്ങൾ അഞ്ച് വ്യത്യസ്ഥ മോഡുലേഷനിൽ പ്രതികൾ നൽകണം. ഈ ശബ്ദസന്ദേശങ്ങളാണ് തിരുവനന്തപുരത്തെ ഫോറൻസിക് ലാബിൽ പരിശോധിക്കുക.
ബാലചന്ദ്രകുമാർ പുറത്തുവിട്ട ശബ്ദരേഖ ദിലീപിന്റേത് തന്നെയെന്ന് സ്ഥിരീകരിക്കാനുള്ള ശാസ്ത്രീയ പരിശോധനയാണ് ഇന്ന് നടന്നത്. ഒരാഴ്ചയ്ക്കകം ഇതിന്റെ ഫലം പുറത്ത് വരുമെന്നാണ് റിപ്പോർട്ട്.

















