മലപ്പുറം: പ്രമുഖ ചരിത്രകാരൻ ഡോ. എം. ഗംഗാധരൻ (89) അന്തരിച്ചു. പരപ്പനങ്ങാടിയിലെ വീട്ടിലായിരുന്നു അന്ത്യം. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാര ജേതാവാണ്. രണ്ടു തവണ കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയിട്ടുണ്ട്. മലബാർ സമരചരിത്ര പഠനത്തിൽ ഡോക്ടറേറ്റ് നേടി.
മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിയിൽ പി.കെ. നാരായണൻ നായരുടേയും മുറ്റയിൽ പാറുകുട്ടിയമ്മയുടേയും മകനായി 1933ലാണ് ജനനം. 1954ൽ മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്ന് ചരിത്രത്തിൽ ബി.എ (ഓണേഴ്സ്) കരസ്ഥമാക്കി.
മദിരാശിയിൽ കേന്ദ്രസർക്കാർ സ്ഥാപനത്തിൽ ഓഡിറ്ററായിരുന്നു. പിന്നീട് ചരിത്രാധ്യാപകനായി. കോഴിക്കോട് ഗവ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജടക്കം വിവിധ സര്‍ക്കാര്‍ കോളജുകളില്‍ അധ്യാപകനായി. ചരിത്രം, സംസ്കാരം തുടങ്ങിയ വിഷയങ്ങളില്‍ മികച്ച പഠനങ്ങളെഴുതി. മലബാര്‍ റെബല്യന്‍ 1921-22 എന്ന അദ്ദേഹത്തിന്റെ പഠനം മാപ്പിള ലഹള സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായിരുന്നു എന്ന് വിലയിരുത്തി.

















