പാലക്കാട്: ചെറാട് മലയിലെ കൊക്കയിൽ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ കരസേനയുടെ സഹായം തേടി. കരസേനയുടെ ദക്ഷിൺ ഭാരത് ഏരിയയുടെ പ്രത്യേകസംഘം ബാംഗ്ലൂരിൽനിന്ന് ഉടനെ പുറപ്പെടുമെന്ന് ദക്ഷിൺ ഭാരത് ഏരിയ ലഫ്. ജനറൽ അരുൺ മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചു.
കൂടാതെ രക്ഷാ പ്രവർത്തനത്തിനായി കോഴിക്കോട് നിന്നും പർവതാരോഹക സംഘവും എത്തും. പർവ്വതാരോഹണത്തിലും രക്ഷാപ്രവർത്തനത്തിലും പ്രാവീണ്യം നേടിയ സംഘമാണ് രക്ഷാപ്രവർത്തനത്തിനായെത്തുന്നത്. ഹെലികോപ്റ്ററിന്റെ സഹായത്തോടെ യുവാവിനെ രക്ഷിക്കാനാകുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാൽ രക്ഷാപ്രവർത്തകരുടെ ശ്രമം വിഫലമാവുകയാണുണ്ടായത്.
രക്ഷാ പ്രവർത്തനത്തിനായി കോഴിക്കോട് നിന്നും പർവതാരോഹക സംഘം എത്തുമെന്ന് റവന്യു മന്ത്രി കെ രാജൻ അറിയിച്ചു. എൻഡിആർഎഫിന്റെ രണ്ട് സംഘങ്ങൾ 700 ഉം 500 ഉം ദൂരപരിധിയിലുണ്ട്. മലപ്പുറം ആൻറി ടെററിസ്റ്റ് സ്‌ക്വാഡിൽ നിന്നും പർവതാരോഹണത്തിൽ വിദഗ്ധരായ സംഘമെത്തും. ജില്ലാ കളക്ടർ രക്ഷാപ്രവർത്തനം ഏകോപിപിക്കുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം, കോസ്റ്റ് ഗാർഡ് ഹെലികോപ്ടർ ഇന്നിനി പോകില്ല. സന്ധ്യയാകുന്നതിനാലാണ് പോകാനാകാത്തത്. ഭക്ഷണവും വെളളവും ഹെലികോപ്ടറിൽ എത്തിക്കുന്നതിന്റെ സാധ്യതയും ആരാഞ്ഞു. എന്നാൽ കടുത്ത കാറ്റ് തടസമെന്നാണ് കൊച്ചിയിലെ നാവിക സേനാ ബ്രീഫിങ്ങിൽ വിലയിരുത്തൽ ഉണ്ടായത്.
ചെങ്കുത്തായ കൂർമ്പാച്ചി മലയിലാണ് യുവാവ് കുടുങ്ങിയത്. യുവാവിനെ ഹെലികോപ്ടർ ഉപയോഗിച്ച് താഴെയിറക്കാൻ നീക്കം നടത്തിയെങ്കിലും ഫലം കണ്ടില്ല. കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ മലയിലേക്ക് എത്തിയെങ്കിലും ശക്തമായ കാറ്റ് മൂലം യുവാവിന് അരികിലേക്ക് എത്താനോ നിയന്ത്രിച്ചുനിർത്താനോ സാധിച്ചില്ല.
ഇതേ തുടർന്ന് ഹെലികോപ്റ്റർ കഞ്ചിക്കോട്ടേക്ക് തിരിച്ചു പോയി. ഹെലികോപ്റ്റർ ഉപയോഗിച്ച് തന്നെ ബാബുവിന് ഭക്ഷണവും വെള്ളവും എത്തിക്കാനുള്ള നീക്കമാണ് ഇപ്പോൾ നടത്തുന്നത്. ഹെലികോപ്റ്റർ ഉപയോഗിച്ചുള്ള ആദ്യ രക്ഷാപ്രവർത്തനം പരാജയപ്പെട്ട സാഹചര്യത്തിൽ ഇനി കോഴിക്കോട് നിന്നും പർവ്വതാരോഹകസംഘത്തെ എത്തിച്ച് രക്ഷാപ്രവർത്തനം നടത്തുവാനാണ് ആലോചിക്കുന്നത്.
മലമ്പുഴ സ്വദേശി ബാബുവാണ് കഴിഞ്ഞദിവസം കൊക്കയിൽ കുടുങ്ങിയത്. ബാബുവും മൂന്ന് സുഹൃത്തുക്കളും കൂടിയാണ് മല കയറിയത്. ഇതിനിടെ ബാബു കാൽവഴുതി കൊക്കയിലേക്ക് വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സഹൃത്തുക്കൾ ബാബുവിനെ രക്ഷിക്കാനായി വടിയും മറ്റും ഇട്ട് നൽകിയെങ്കിലും രക്ഷിക്കാനായില്ല.പിന്നീട് ബാബുവിന്റെ സുഹൃത്തുക്കൾ മലയിറങ്ങിയ ശേഷം പൊലീസിനെയും നാട്ടുകാരെയും വിവരമറിയിക്കുകയായിരുന്നു.
വീഴ്ചയിൽ ബാബുവിന്റെ കാലിന് പരിക്കേറ്റിട്ടുണ്ട്. കയ്യിലുള്ള മൊബൈൽ ഫോൺ ഉപയോഗിച്ച് ബാബു കുടുങ്ങിക്കിടക്കുന്ന സ്ഥലത്തിന്റെ ഫോട്ടോ അയച്ചുകൊടുത്തു. ഇപ്പോൾ ഫോൺ ഓഫായ നിലയിലാണ്. രക്ഷാ പ്രവർത്തകർക്ക് ഷർട്ട് വീശി കാണിക്കുകയും ചെയ്തിരുന്നു. പ്രദേശത്ത് വന്യ ജീവി ശല്യം രൂക്ഷമാണെന്നും നാട്ടുകാർ പറയുന്നു. ചെങ്കുത്തായ മല കയറുന്നത് അപകടമുണ്ടാക്കുമെന്ന് വനം വകുപ്പ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. മുമ്പും ഇവിടെ കാൽവഴുതി വീണ് ആളുകൾക്ക് പരിക്കേറ്റിട്ടുണ്ട്.

















