ഡൽഹി: ഇന്ത്യയ്‌ക്കെതിരെ നീങ്ങാൻ ഒരു വിദേശ ശക്തിയേയും അനുവദിക്കില്ലെന്ന് ശ്രീലങ്ക വ്യക്തമാക്കി. ഇന്ത്യ സന്ദർശിക്കുന്ന ശ്രീലങ്കൻ വിദേശകാര്യ മന്ത്രി ജി.എൽ.പെയിറിസാണ് നയം വ്യക്തമാക്കിയത്. ചൈനയുടെ സാമ്പത്തിക വ്യാവസായിക സഹായം ഏറെ ഗുണം ചെയ്തുവെന്ന് ആവർത്തിച്ച പെയിറിസ് എന്നാൽ ഇന്ത്യക്കെതിരായി നീങ്ങാനുള്ള ചൈനയുടെ നീക്കത്തെ പിന്തുണയ്‌ക്കില്ലെന്നും അറിയിച്ചു. രണ്ടു ദിവസത്തെ സന്ദർശനത്തിനെത്തിയ പെയിറിസ് വിദേശകാര്യമന്ത്രി എസ്.ജയശങ്കറുമായിട്ടാണ് ചർച്ചകൾ നടത്തിയിരിക്കുന്നത്.
തങ്ങളുടെ രാജ്യത്തിന്റെ വികസനമാണ് പ്രധാനം. അതിനായി നടക്കുന്ന മുതൽ മുടക്കിൽ വിദേശരാജ്യങ്ങളെ സ്വാഗതം ചെയ്യുന്നു. സ്വന്തം ഭൂമി ചൈനയ്‌ക്ക് വികസന നിർമ്മാണ പ്രവർത്തനങ്ങൾക്ക് കൈമാറിയതിൽ അപാകത കാണുന്നില്ലെന്നും പെയിറിസ് വ്യക്തമാക്കി. ശ്രീലങ്കയിലെ ഹംബന്തോട്ട തുറമുഖ വികസനവും അതിനോടനുബന്ധിച്ചുള്ള വ്യവസായ നഗരത്തിന്റെ നിർമ്മാണവും വലിയ സാമ്പത്തിക ബാദ്ധ്യതയുണ്ടാക്കിയെന്നും പെയറിസ് വെളിപ്പെടുത്തുകയും ചെയ്തു.
















