തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ മൊഴി രേഖപ്പെടുത്താൻ ഹാജരാകാനാവശ്യപ്പെട്ടുള്ള ഇഡി നോട്ടീസിൽ സമയം നീട്ടിച്ചോദിച്ച് സ്വപ്നാ സുരേഷ്. ഈ മാസം 15ന് ഹാജരാവാമെന്ന് സ്വപ്ന ഇഡിയെ അറിയിച്ചു. കസ്റ്റഡിയിലിരിക്കെ പുറത്തുവിട്ട ഓഡിയോ സന്ദേശം സംബന്ധിച്ച വെളിപ്പെടുത്തലിലാണ് ഇഡി മൊഴി നൽകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയത്.
ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളതിനാലാണ് നാളെ ഹാജരാകാന്‍ കഴിയിലതെന്ന് സ്വപ്ന ഇഡിയെ അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍റെയും സംസ്ഥാന സർക്കാരിലെ ഉന്നതരുടെയും പേരുകൾ പറയാൻ ഇഡി സമ്മർദ്ദം ചെലുത്തി എന്നായിരുന്നു ശബ്ദരേഖയിലെ വിശദാംശങ്ങൾ. എന്നാൽ തനിക്ക് അങ്ങനെ ഒരു സമ്മർദ്ദം ഉണ്ടായിട്ടില്ലെന്നും ഒരു സുരക്ഷാ ഉദ്യോഗസ്ഥ ആവശ്യപ്പെട്ട പ്രകാരമാണ് താൻ അന്ന് അങ്ങനെ പറഞ്ഞത് എന്നുമാണ് സ്വപ്നയുടെ ഇപ്പോഴത്തെ നിലപാട്.
കള്ളപ്പണ ഇടപാടിൽ ശിവശങ്കറിന് കൂടുതൽ കാര്യങ്ങൾ അറിയാമായിരുന്നു എന്നും സ്വപ്ന അഭിമുഖത്തിൽ തുറന്നുപറഞ്ഞു. ഇക്കാര്യത്തിൽ വ്യക്തത വരുത്താനാണ് ഇഡി സ്വപ്നയെ കൊച്ചിയിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്യുന്നത്. വിവാദമായ ശബ്ദരേഖ പുറത്ത് വന്നതിന് പിന്നാലെ വിശദമായ അന്വേഷണത്തിന് സംസ്ഥാന സർക്കാർ ജുഡീഷ്യൽ കമ്മീഷനെ പ്രഖ്യാപിച്ചിരുന്നു.
സർക്കാരിന്‍റെ ഈ തീരുമാനം സിംഗിള്‍ ബെഞ്ച് റദ്ദാക്കിയെങ്കിലും ഇത് ചോദ്യം ചെയ്തുള്ള അപ്പീൽ ഡിവിഷൻ ബെഞ്ചിന്‍റെ പരിഗണനയിലാണ്. പുതിയ വിവരങ്ങൾ കോടതിയിൽ ഔദ്യോഗികമായി ഉടൻ അറിയിക്കാനാണ് ഇഡിയുടെ നീക്കം. ഈ കേസിൽ കുറ്റപ്പത്രം സമർപ്പിച്ച് കഴിഞ്ഞെങ്കിലും കൂടുതൽ തെളിവ് ശേഖരണത്തിന് സാധ്യത ഉണ്ടോയെന്ന് പരിശോധിക്കുകയാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടേറ്റ്.

















