കൊച്ചി: ഗൂഢാലോചന കേസിൽ നടൻ ദിലീപ് അടക്കമുള്ള പ്രതികൾ ശബ്ദ പരിശോധനയ്ക്കായി കാക്കനാട് ചിത്രാഞ്ജലി സ്റ്റുഡിയോയിൽ എത്തി. ദിലീപ്, സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് സുരാജ് എന്നിവരാണ് എത്തിയത്. ഫോൺ രേഖകളുടെ അടിസ്ഥാനത്തിൽ അന്വേഷണ സംഘം കൂടുതൽ പേരുടെ മൊഴി രേഖപ്പെടുത്തുമെന്നും സൂചനയുണ്ട്.
സംവിധായകൻ ബാലചന്ദ്രകുമാർ അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറിയ ശബ്ദ സന്ദേശങ്ങൾ ഇവരുടെ തന്നെയാണെന്നുറപ്പാക്കാനാണ് പരിശോധന. ഇന്ന് രാവിലെ 11ന് കാക്കനാട് ചിത്രാഞ്ജലി ലാബില്‍ എത്താനാണ് ആലുവ മജിസ്‌ട്രേറ്റ് കോടതി നിര്‍ദേശം നല്‍കിയിരുന്നത്. അന്വേഷണത്തോട് പൂർണമായും സഹകരിക്കണമെന്ന് മുൻകൂർ ജാമ്യഹർജി അനുവദിച്ചുകൊണ്ട് ഹൈകോടതി പ്രതികൾക്ക് നിർദേശം നൽകിയിരുന്നു. ഇത് സംബന്ധിച്ചുള്ള വാദം ഹൈകോടതിയില്‍ ഉയര്‍ന്നു വന്നപ്പോൾ ശബ്ദ പരിശോധനക്കായി നോട്ടീസ് അയച്ചപ്പോള്‍ അത് കൈപ്പറ്റാന്‍ പോലും പ്രതികള്‍ തയാറായിരുന്നില്ലെന്നും അന്വേഷണത്തോട് സഹകരിക്കുന്നല്ലെന്നും പ്രോസിക്യുഷൻ കോടതിയെ അറിയിച്ചു.
എന്നാൽ അന്വേഷണ സംഘം ശബ്ദപരിശോധക്കായി നോട്ടീസ് അയച്ചപ്പോള്‍ അന്ന് സ്ഥലത്ത് ഇല്ലായിരുന്നു എന്നാണ് പ്രതിഭാഗത്തിന്‍റെ വിശദീകരണം. തുടർന്ന് അന്വേഷണ സംഘം നോട്ടീസ് വീട്ടില്‍ പതിച്ച് മടങ്ങുകയായിരുന്നു. സംവിധായകരായ റാഫി, വ്യാസൻ എടവനക്കാട് എന്നിവരെ വിളിച്ചു വരുത്തുകയും അവർ ദിലീപിൻ്റെയും ബന്ധുക്കളുടെയും ശബ്ദം തിരിച്ചറിയുകയും ചെയ്തിരുന്നു. ഇതിന് ശേഷമാണ് ഇപ്പോൾ ശാസ്ത്രീയ പരിശോധനക്ക് തീരുമാനിക്കുന്നത്.

















