ന്യൂഡൽഹി: കോണ്‍ഗ്രസ് പാര്‍ട്ടിയെയും രാഹുൽ ഗാന്ധിയെയും രൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയിലെ കോവിഡ് വ്യാപനത്തിന്റെ തുടക്കകാലത്ത് രോഗബാധിതർ കൂടാൻ ഉത്തരവാദി കോൺഗ്രസാണ്. ഇതര സംസ്ഥാന തൊഴിലാളികൾ കോവിഡ് കാലത്തു നേരിട്ട പ്രതിസന്ധിക്കും ഉത്തരവാദി കോൺഗ്രസ് ആണെന്ന് അദ്ദേഹം ആരോപിച്ചു. ലോക്സഭയിൽ സംസാരിക്കവെയാണ് കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ചത്.
‘കോൺഗ്രസ് ചെയ്‌തത് കോവിഡ് പാപമാണ്. രാജ്യം നേരിട്ട പ്രതിസന്ധിക്ക് അവരാണ് കാരണം. കോൺഗ്രസ് എല്ലാ പരിധികളും കടന്നു. ആദ്യ തരംഗത്തിന്റെ നാളുകളിൽ മുംബൈയിലെ തൊഴിലാളികൾക്ക് ടിക്കറ്റ് എടുത്തുകൊടുത്തത് കോൺഗ്രസാണ്. ആ നാളുകളിൽ എല്ലാവരും അടങ്ങിയൊതുങ്ങിയിരിക്കാനാണ് ലോകാരോഗ്യ സംഘടന അടക്കം ആവശ്യപ്പെട്ടത്. എന്നിട്ടും അവർ ടിക്കറ്റ് നൽകി. അത് കേസുകളുടെ എണ്ണം വർധിപ്പിച്ചു.
രാജ്യത്തെ തൊഴിലാളികളെ കഷ്ടതകളിലേക്ക് നയിച്ചത് ബിജെപി ഇതര സംസ്ഥാനങ്ങളാണ്. ന്യൂഡൽഹിയിൽ തൊഴിലാളികൾക്ക് സഞ്ചരിക്കാൻ സർക്കാർ വക ജീപ്പുകൾ എത്തിച്ചുനൽകി. ഉത്തർപ്രദേശ് പോലുള്ള സംസഥാനങ്ങളിൽ അതു വരെയും കോവിഡ് കേസുകൾ കുറവായിരുന്നു. അവിടെയും കോവിഡ് കേസുകൾ കൂടുന്നതിന് ഇത് കാരണമായി’-മോദി പറഞ്ഞു.
തെലങ്കാന രൂപീകരിച്ച ശേഷം കോൺഗ്രസിന് ഇതുവരെ അധികാരത്തിൽ എത്താൻ കഴിഞ്ഞിട്ടില്ലെന്നും, എന്നിട്ടും കോണ്‍ഗ്രസിന്‍റെ അഹങ്കാരത്തിന് യാതൊരു കുറവുമില്ലെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.
പാര്‍ലമെന്റിനെ കോണ്‍ഗ്രസ് ദുരുപയോഗം ചെയ്യുകയാണ്. സാധാരണക്കാരുമായി ഒരു ബന്ധവും കോണ്‍ഗ്രസിനില്ല. രാഷ്ട്രിയ അന്ധതയില്‍ കോണ്‍ഗ്രസ് മര്യാദകള്‍ മറന്നു. കോണ്‍ഗ്രസ് ജനാധിപത്യത്തെ അപമാനിക്കുന്നു.
കഴിഞ്ഞ രണ്ട് വര്‍ഷമായി രാജ്യം കോവിഡിനെതിരെ പോരാടുകയാണ്. 80 ശതമാനം പേരും പൂര്‍ണമായും വാക്സിനേറ്റ് ചെയ്യപ്പെട്ടു. എന്നാല്‍ ചിലർ കോവിഡിനെ പോലും രാഷ്ട്രീയ വത്ക്കരിക്കുകയാണ് ചെയ്‌തത്. ഇന്നും രാഹുല്‍ ഗാന്ധി സഭയിലില്ലെന്നും മോദി കുറ്റപ്പെടുത്തി.
മെയ്ക് ഇൻ ഇന്ത്യയെ പരിഹസിക്കുന്നതിലൂടെ കോണ്‍ഗ്രസ് യുവജനങ്ങളെയാണ് അപമാനിക്കുന്നത്. രാജ്യം വികസിക്കുകയാണ്. രാജ്യത്തിന്‍റെ കയറ്റുമതിയും കാർഷിക ഉത്പാദനവും വർധിച്ചു. എന്നാല്‍ വിലക്കയറ്റത്തെക്കുറിച്ചാണ് ഇപ്പോള്‍ കോണ്‍ഗ്രസിന്‍റെ ആശങ്കകള്‍. വിലക്കയറ്റം നിയന്ത്രിക്കാൻ മന്ത്രിയായിരിക്കുമ്പോൾ ഒന്നും ചെയ്യാതിരുന്ന പി.ചിദംബരം സാമ്പത്തികരംഗത്തെക്കുറിച്ച് ഇപ്പോള്‍ വലിയ ലേഖനം എഴുതുകയാണെന്നും അദ്ദേഹം പറഞ്ഞു.
















