കൊച്ചി: മീഡിയവൺ സംപ്രേഷണവിലക്കിൽ ഹൈക്കോടതിയിൽ വാദം പൂർത്തിയായി. വിലക്ക് തടഞ്ഞുള്ള ഇടക്കാല ഉത്തരവ് തുടരും. നാളെ 10.15ന് തുറന്ന കോടതിയിൽ കേസിൽ വിധി പറയും. ജസ്റ്റിസ് എൻ. നഗരേഷാണ് വിധി പറയുന്നത്.
കേന്ദ്രത്തിന്‍റെ നടപടി നിയമവിരുദ്ധമാണെന്ന് മീഡിയവണ്ണിനു വേണ്ടി ഹാജരായ അഡ്വ. എസ് ശ്രീകുമാര്‍ വാദിച്ചു. ലൈസൻസ് നേരത്തെ നൽകിയതാണ്. അതു പുതുക്കാനുള്ള അപേക്ഷയാണ് ഇപ്പോൾ കേന്ദ്രസർക്കാർ നിരസിച്ചത്. എല്ലാവിധ നടപടിക്രമങ്ങളും പാലിച്ചാണ് മീഡിയവൺ മുന്നോട്ടുപോയത്. എന്നാൽ, ഏകപക്ഷീയമായി കേന്ദ്രം തീരുമാനമെടുക്കുകയായിരുന്നു. ഇത് നിയമവിരുദ്ധമായ നടപടിയാണ്. സുപ്രിംകോടതി വിധികളുടെ ലംഘനമാണെന്നും എസ്. ശ്രീകുമാർ ചൂണ്ടിക്കാട്ടി.
കേസിൽ കക്ഷിചേർന്ന മീഡിയവൺ എഡിറ്റർ പ്രമോദ് രാമനും കേരള പത്രപ്രവർത്തക യൂനിയനും വേണ്ടി ഹാജരായ അഡ്വ. ജെ.ജി ബാബുവും വിശദമായ വാദം നടത്തി. ഈ കേസിൽ നിലവിൽ മാധ്യമസ്വാതന്ത്ര്യം എന്ന വിഷയം നിലനിൽക്കുന്നുണ്ട്. ഇതോടൊപ്പം നിരവധി തൊഴിലാളികളുടെ ജീവിതപ്രശ്‌നവും അഭിഭാഷകൻ ഉന്നയിച്ചു.
അതേസമയം, ജീവനക്കാർക്കും യൂനിയനും കേന്ദ്രനടപടി ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിക്കാനാകില്ലെന്ന് അസിസ്റ്റന്റ് സോളിസിറ്റർ ജനറൽ ചൂണ്ടിക്കാട്ടി. ഇത് കമ്പനിയും സർക്കാരും തമ്മിലുള്ള പ്രശ്‌നമാണ്. അവർക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ തൊഴിലുടമയെയാണ് സമീപിക്കേണ്ടത്. ഒരു തവണ ലൈസൻസ് നൽകിയാൽ അത് ആജീവാനന്തമായി കാണാനാവില്ല. സുരക്ഷാ വിഷയങ്ങളിൽ കാലാനുസൃതമായ പരിശോധനയുണ്ടാകും. അത്തരത്തിലുള്ള പരിശോധനയാണ് ഇപ്പോൾ നടന്നതെന്നും അസിസ്റ്റന്റ് സോളിസിറ്റർ ജനറൽ വ്യക്തമാക്കി.

















