മലപ്പുറം: യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ലോകായുക്തയുടെ അധികാരം തിരിച്ചു നല്‍കുമെന്ന് പ്രതിപക്ഷ ഉപ നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. പല്ലും നഖവും പറച്ചു കളഞ്ഞ് ലോകായുക്തയെ ഒരു ഉപദേശക സമിതിയാക്കി സർക്കാർ മാറ്റിയെന്ന് കുഞ്ഞാലിക്കുട്ടി വിമർശിച്ചു. ഓര്‍ഡിനൻസില്‍ ഒപ്പിടാൻ നാട്ടുകാര്‍ക്കുണ്ടായ സംശയം പോലും ഉണ്ടാകാതിരുന്ന ഗവര്‍ണറോട് സഹതപിക്കാനേ കഴിയൂ. ലോകായുക്തയെ സര്‍ക്കാര്‍ ഒരു ഉപദേശക സമിതിയാക്കിയാണ് മാറ്റിയിരിക്കുന്നത്. സിപിഐയുടെ എതിര്‍പ്പ് ആത്മാര്‍ത്ഥതയുള്ളതാണെങ്കില്‍ നിയമസഭയില്‍ പ്രകടിപ്പിക്കണമെന്നും പി കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് പറഞ്ഞു.
ഓര്‍ഡിനന്‍സിനെതിരെ സിപിഐയുടെ എതിര്‍പ്പ് ആത്മാര്‍ത്ഥമാണെങ്കില്‍ അത് നിയമസഭയില്‍ പ്രകടിപ്പിക്കണം. നിലവിലെ സംവിധാനം കൊണ്ട് ഇനി വലിയ കാര്യമുണ്ടാകില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ‘അഴിമതിക്കെതിരെ ഭരണത്തില്‍ സുതാര്യത വരുത്താനായി നിരവധി പ്രക്ഷോഭങ്ങളും വിപ്ലവങ്ങളും നടന്ന സംസ്ഥാനമാണ് കേരളം. ഇപ്പോള്‍ ഈ നീക്കത്തിലൂടെ ആശുപത്രികള്‍ക്കൊക്കെ ഉള്ളതുപോലെ പേരിനൊരു അഡൈ്വസറി കമ്മിറ്റി.
അതാണ് ഇനി ലോകായുക്ത. ആര്‍ക്ക് എപ്പോള്‍ വേണമെങ്കിലും ശുപാര്‍ശകള്‍ നല്‍കാം. ഓര്‍ഡിനന്‍സ് ഭേദഗതിയില്‍ കേന്ദ്രം ഭരിക്കുന്ന ബിജെപിക്കും സംസ്ഥാനം ഭരിക്കുന്ന സിപിഐഎമ്മിനായാലും ഒരേ അഭിപ്രായമാണുള്ളത്’- കുഞ്ഞാലിക്കുട്ടി വിമര്‍ശിച്ചു. ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സിനെതിരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ ബിജെപി സംസ്ഥാന നേതൃത്വവും രംഗത്തെത്തി. ആദ്യ വട്ടം ഗവര്‍ണര്‍ ഒപ്പിടാതെ ഓര്‍ഡിനന്‍സ് തിരിച്ചയക്കണമായിരുന്നു. ലോകായുക്ത നിയമഭേദഗതിയിലൂടെ സര്‍ക്കാര്‍ അഴിമതിക്ക് കളമൊരുക്കിയെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി.
ലോകായുക്ത ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിട്ടതോടെയാണ് നിയമഭേദഗതിക്ക് അംഗീകാരമായത്. വിദേശ സന്ദര്‍ശനം കഴിഞ്ഞ് തിരിച്ചെത്തിയ ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വിവാദമായ ലോകായുക്ത നിയമഭേദഗതി ഓര്‍ഡിനന്‍സിനെ കുറിച്ച് മുഖ്യമന്ത്രി ഗവര്‍ണറോട് വിശദീകരിച്ചിരുന്നു. ഓര്‍ഡിനന്‍സ് ഭരണഘടനയനുസരിച്ചാണെന്ന് മുഖ്യമന്ത്രി ഗവര്‍ണറെ അറിയിച്ചതിന് പിന്നാലെയാണ് ലോകായുക്ത നിയമഭേദഗതിക്ക് ഗവര്‍ണര്‍ അംഗീകാരം നല്‍കിയത്. അതേസമയം വിഷയത്തില്‍ പ്രതിപക്ഷവും സര്‍ക്കാരിനും ഗവര്‍ണര്‍ക്കുമെതിരെ നിലപാടെടുത്തു.
ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നത് അധികാര ദുര്‍വിനിയോഗമാണെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ലോകായുക്ത നിയമത്തിലെ 14ാം വകുപ്പിലെ ഭേദഗതിക്കാണ് ഗവര്‍ണര്‍ അംഗീകാരം നല്‍കിയത്. ഇതോടെ പൊതുപ്രവര്‍ത്തകര്‍ക്കെതിരായ ലോകായുക്ത വിധി ഇനി സര്‍ക്കാരിന് തളളാം. ഇതോടെ ഓര്‍ഡിനന്‍സ് നിലവില്‍ വന്നു. ഭരണകക്ഷിയില്‍ ഉള്‍പ്പെട്ട സിപിഐയുടേയും പ്രതിപക്ഷത്തിന്റേയും ബിജെപിയുടേയും എതിര്‍ വാദങ്ങളേയും ഒപ്പിടരുതെന്ന ആവശ്യത്തേയും തള്ളിയാണ് ഗവര്‍ണറുടെ തീരുമാനം.

















