കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്‍റെ ഹർജിയിൽ കോടതി സർക്കാരിന്‍റെ വിശദീകരണം തേടി. അന്വേഷണത്തിൽ സംഭവിച്ച പാളിച്ചകൾ മറച്ച് വെക്കാനാണ് തുടരന്വേഷണം നടത്തുന്നത്. വിചാരണ നീട്ടിക്കൊണ്ട് പോകാനാണ് അന്വേഷണ സംഘത്തിന്‍റെ ശ്രമമെന്നും ദിലീപ് ഹൈക്കോടതിയെ അറിയിച്ചു.
കോടതിയുടെ അനുമതി ലഭിക്കും മുമ്പു തന്നെ തുടരന്വേഷണം തുടങ്ങിയെന്ന് ദിലീപ് പറഞ്ഞു. മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ അനുമതി പോലും ഇല്ലാതെയാണ് തുടരന്വേഷണം തുടങ്ങിയത്. കേസിൽ വിശദീകരണം നൽകാൻ കൂടുതൽ സാവകാശം വേണമെന്ന പ്രോസിക്യൂഷന്‍റെ ആവശ്യത്തെ തുടർന്ന് ഹർജി പരിഗണിക്കുന്നത് അടുത്ത ചൊവ്വാഴ്ചത്തേക്ക് മാറ്റി.
അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിനും കൂട്ടാളികള്‍ക്കുമെതിരായ കുറ്റം പ്രഥമദൃഷ്ട്യാ നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി അറിയിച്ചു. പ്രതികള്‍ ഫോണുകള്‍ ഹാജരാക്കാത്തത് നിസ്സഹകരണമായി കാണാനാവില്ലെന്ന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവില്‍ ഹൈക്കോടതി വ്യക്തമാക്കി. ഗൂഢാലോചന കുറ്റം പ്രഥമദൃഷ്ട്യാ നിലനില്‍ക്കില്ല.
കുറ്റം തെളിയിക്കുന്നതിനുള്ള തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷനായിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. അന്വേഷണ സംഘം ആവശ്യപ്പെട്ട ഫോണുകള്‍ ഹാജരാക്കാത്തത് നിസ്സഹകരണമായി കാണാനാവില്ല. കൈവശമുള്ള ഫോണുകള്‍ പ്രതികള്‍ ഹാജരാക്കിയിട്ടുണ്ടെന്ന് കോടതി പറഞ്ഞു. കേസുമായി ബന്ധപ്പെട്ടു കോടതിക്കെതിരെ വന്ന വിമര്‍ശനങ്ങള്‍ നീതിന്യായ സംവിധാനത്തെക്കുറിച്ച് ധാരണയില്ലാതെയാണെന്ന് കോടതി അഭിപ്രായപ്പെട്ടു പാതിവെന്ത വസ്തുതകള്‍ വച്ച് കോടതി നടപടികളെ ചോദ്യം ചെയ്യരുത് ഉത്തരവില്‍ കോടതി പറഞ്ഞു.

















