കൊച്ചി: ഗൂഢാലോചനക്കേസില്‍ ദിലീപിനു മുന്‍കൂര്‍ ജാമ്യം അനുവദിച്ച ഹൈക്കോടതി നടന്‍ ഫോണ്‍ കോടതിയില്‍ ഹാജരാക്കാതിരുന്നത് നിസഹകരണമല്ലെന്ന് വ്യക്തമാക്കി. പ്രോസിക്യൂഷൻ്റെ വിമര്‍ശനങ്ങള്‍ക്കാണ് കോടതി മറുപടി പറഞ്ഞത്. പാതിവെന്ത വസ്തുതകള്‍ കൊണ്ട് കോടതി നടപടികളെ ചോദ്യം ചെയ്യരുതെന്നും നീതിന്യായ സംവിധാനങ്ങളെപ്പറ്റി ധാരണ ഇല്ലാതെയാണ് പലരും വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നതെന്നും കോടതി വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടുന്നു.
ഗൂഢാലോചന കുറ്റം പ്രഥമദൃഷ്ട്യാ നിലനില്‍ക്കില്ല. കുറ്റം തെളിയിക്കുന്നതിനുള്ള തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷനായിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. അന്വേഷണ സംഘം ആവശ്യപ്പെട്ട ഫോണുകള്‍ ഹാജരാക്കാത്തത് നിസ്സഹകരണമായി കാണാനാവില്ല. കൈവശമുള്ള ഫോണുകള്‍ പ്രതികള്‍ ഹാജരാക്കിയിട്ടുണ്ടെന്ന് കോടതി പറഞ്ഞു. കേസുമായി ബന്ധപ്പെട്ടു കോടതിക്കെതിരെ വന്ന വിമര്‍ശനങ്ങള്‍ നീതിന്യായ സംവിധാനത്തെക്കുറിച്ച് ധാരണയില്ലാതെയാണെന്ന് കോടതി അഭിപ്രായപ്പെട്ടു.
അഞ്ചു വ്യവസ്ഥകളിലാണ് ദിലീപിനും കൂട്ടാളികള്‍ക്കും ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചാല്‍ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പ്രോസിക്യൂഷന് കോടതിയെ സമീപിക്കാമെന്ന് ജസ്റ്റിസ് പി ഗോപിനാഥ് വിധിയില്‍ വ്യക്തമാക്കി. പ്രതികള്‍ പാസ്‌പോര്‍ട്ട് കോടതിയില്‍ നല്‍കണം, ഒരു ലക്ഷം രൂപയുടെ രണ്ട് ആള്‍ജാമ്യം ഹാജരാക്കണം, അന്വേഷണവുമായി സഹകരിക്കണം, സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത് എന്നിവയാണ് കോടതി മുന്നോട്ടുവച്ച വ്യവസ്ഥകള്‍.
വ്യവസ്ഥകള്‍ ലംഘിച്ചാല്‍ അറസ്റ്റിനായി അന്വേഷണ സംഘത്തിന് കോടതിയെ സമീപിക്കാമെന്നും വിധിയില്‍ പറയുന്നു. അതേസമയം, ദിലീപിനും കൂട്ടാളികള്‍ക്കും മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് പ്രോസിക്യൂഷന്‍. അന്വേഷണവുമായി മുന്നോട്ടുപോവാന്‍ ദിലീപിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പ്രോസിക്യൂഷന്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടും.

















