ന്യൂഡൽഹി: എയര്‍ ഇന്ത്യ വീണ്ടും ഔദ്യോഗികമായി തങ്ങളുടെ കൈയ്യിലെത്തിയതിന് പിന്നാലെ കമ്പനിയുമായി ബന്ധപ്പെട്ട ആദ്യകാല അനുഭവങ്ങള്‍ പങ്കുവെച്ച് ടാറ്റ ഗ്രൂപ്പ്. എയര്‍ ഇന്ത്യയ്ക്ക് ഇങ്ങനെയൊരു പേര് പഭിച്ചതിന് പിന്നിലെ സംഭവങ്ങള്‍ ഉള്‍പ്പെടെ കോര്‍ത്തിണക്കിയാണ് ടാറ്റ ഗ്രൂപ്പിൻ്റെ വെളിപ്പെടുത്തല്‍. ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്നുള്ള കുറച്ചധികം ട്വീറ്റുകള്‍ ടാറ്റ ഗ്രൂപ്പ് പങ്കുവെച്ചതിലൂടെയാണ് എയര്‍ ഇന്ത്യയുടെ ചരിത്രം ഇന്ത്യക്കാര്‍ അറിയുന്നത്.
1946ലെ കത്തും ടാറ്റ ട്വീറ്റിൽ പങ്കുവെച്ചിട്ടുണ്ട്. 1946 ടാറ്റാസൺസ് ജീവനക്കാർക്കിടയിൽ നടത്തിയ അഭിപ്രായ വോട്ടെടുപ്പിൽ കൂടിയാണ് എയർ ഇന്ത്യയ്ക്ക് ആ പേര് ലഭിച്ചതെന്നാണ് ടാറ്റാ ഗ്രൂപ്പ് വ്യക്തമാക്കിയിരിക്കുന്നത്. നാല് പേരുകളായിരുന്നു ആദ്യം പരിഗണനയിൽ ഉണ്ടായിരുന്നത്. ഇന്ത്യൻ എയർലൈൻസ്, പാൻ ഇന്ത്യൻ എയർലൈൻസ്, ട്രാൻസ് ഇന്ത്യൻ എയർലൈൻസ്, എയർ ഇന്ത്യ എന്നിങ്ങനെ നാല് പേരുകളായിരുന്നു അത്.
ജീവനക്കാർക്കിടയിൽ നടത്തിയ അഭിപ്രായ വോട്ടെടുപ്പിൽ ഈ നാല് പേരുകളിൽ നിന്ന് ‘എയർ ഇന്ത്യ’ എന്നത് തിരഞ്ഞെടുക്കുകയായിരുന്നുവെന്ന് ടാറ്റ ഗ്രൂപ്പ് ട്വിറ്ററിൽ പങ്കുവെച്ചു. ജനാധിപത്യമായി പേര് തിരഞ്ഞെടുക്കാൻ തീരുമാനിക്കുകയായിരുന്നു. ജീവനക്കാർക്ക് ഒരു പേപ്പർ നൽകി പിന്തുണക്കുന്ന ആദ്യത്തേയും രണ്ടാമത്തേയും പേര് എഴുതാൻ ആവശ്യപ്പെടുകയായിരുന്നു. ആദ്യഘട്ടത്തിൽ എയർ ഇന്ത്യക്ക് 64 വോട്ടും ഇന്ത്യൻ എയർലൈൻസിന് 51 വോട്ടും ലഭിച്ചു.
(1/2):Back in 1946, when Tata Air Lines expanded from a division of Tata Sons into a company, we also had to name it. The choice for India’s first airline company came down to Indian Airlines, Pan-Indian Airlines, Trans-Indian Airlines & Air-India. #AirIndiaOnBoard #WingsOfChange pic.twitter.com/BKpmwyAMim
— Tata Group (@TataCompanies) February 6, 2022
ട്രാൻസ് ഇന്ത്യൻ എയർലൈൻസിന് 28, പാൻ ഇന്ത്യൻ എയർലൈൻസിന് 19 വോട്ടും ലഭിച്ചു. കൂടുതൽ വോട്ട് ലഭിച്ച രണ്ടെണ്ണത്തിൽ വീണ്ടും വോട്ടെടുപ്പ് നടത്തുകയായിരുന്നു. രണ്ടാം ഘട്ടത്തിൽ 72 വോട്ടുകളാണ് എയർ ഇന്ത്യയ്ക്ക് ലഭിച്ചത്. 58 വോട്ടുകൾ ഇന്ത്യൻ എയർ ലൈൻസിന് ലഭിച്ചു. ഇതോടെ പുതിയ കമ്പനിക്ക് ‘എയർ ഇന്ത്യ’ എന്ന പേര് നൽകി എന്ന് കത്തിൽ വ്യക്തമാക്കുന്നു. ടാറ്റയുടെ കൈവശമുണ്ടായിരുന്ന എയർ ഇന്ത്യ പിന്നീട് കേന്ദ്രം ഏറ്റെടുക്കുകയായിരുന്നു. 2020 ഡിസംബറിലാണ് നഷ്ടത്തില്‍ പറക്കുന്ന എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വിറ്റഴിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്.
നാലു കമ്പനികളായിരുന്നു താത്പര്യം പ്രകടിപ്പിച്ച് മുന്നോട്ടുവന്നത്. അവസാന റൗണ്ടിലെത്തിയത് ടാറ്റ സണ്‍സും സ്‌പൈസ് ജെറ്റും മാത്രമായിരുന്നു. പതിനെട്ടായിരം കോടി രൂപയ്ക്കാണ് ഇതുവരെ ഇന്ത്യയുടെ ഔദ്യോഗിക വിമാനക്കമ്പനിയായിരുന്ന എയര്‍ ഇന്ത്യ ടാറ്റ സണ്‍സ് സ്വന്തമാക്കിയത്. ടാലാസ് എന്ന ഉപകമ്പനിയുടെ പേരിലാണ് ടാറ്റ സൺസ് എയർ ഇന്ത്യ സ്വന്തമാക്കിയത്. സ്‌പൈസ് ജെറ്റായിരുന്നു ലേലത്തില്‍ ടാറ്റയുടെ പ്രധാന എതിരാളിയായിട്ട് ഉണ്ടായിരുന്നത്. 15100 കോടി രൂപയായിരുന്നു സ്പൈസ് ജെറ്റ് ക്വോട്ട് ചെയ്ത തുക.
















