കോട്ടയം: പാമ്പ് കടിയേറ്റതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ആയിരുന്ന വാവ സുരേഷ് ആശുപത്രി വിട്ടു. തന്‍റെ രണ്ടാം ജന്മമാണിത്. കൃത്യസമയത്ത് ചികിത്സ കിട്ടയത് തുണയായെന്നും വാവ സുരേഷ് പറഞ്ഞു. പാമ്പ് പിടുത്തം തുടരാന്‍ തന്നെയാണ് തീരുമാനം. തനിക്കെതിരെ ചിലര്‍ ഗൂഢാലോചന നടത്തി. വനംവകുപ്പിലെ ഒരു ഉദ്യോഗസ്ഥന്‍ പലരോടും പാമ്പിനെ പിടിക്കാന്‍ എന്നെ വിളിക്കരുതെന്ന് പറയുന്നുണ്ട്. മരണംവരെ പാമ്പ് പിടുത്തത്തില്‍ നിന്ന് പിന്മാറില്ലെന്നും വാവാ സുരേഷ് പറഞ്ഞു.
‘ഇത് രണ്ടാം ജന്മം. പലതവണ പാമ്പുകടിയേറ്റിട്ടുണ്ടെങ്കിലും ഇത്തവണ മരിച്ചുപോകുമെന്നാണ് കരുതിയത്. എന്നാൽ, അദ്ഭുതകരമായി വീണ്ടും ജീവിതത്തിലേക്ക് മടങ്ങിയെത്തി. ജീവൻ തിരിച്ചുകിട്ടിയതിൽ നിരവധിപേരുടെ പ്രാർഥനയുണ്ട്. പാവപ്പെട്ടവർ വിളിച്ചാൽ ഇനിയും പാമ്പ് പിടിക്കാൻ പോകും. മുൻകരുതൽ എടുക്കണമെന്ന് മന്ത്രിയടക്കം പലരും പറഞ്ഞു. അത്തരം കാര്യങ്ങളിലും ശ്രദ്ധിക്കും -സുരേഷ് പറഞ്ഞു.
വാവാ സുരേഷിന്‍റെ ആരോഗ്യ നില പഴയ നിലയിലേക്ക് തിരിച്ചെത്തിയതോടെയാണ് ഇന്ന് ഡിസ്ചാര്‍ജ് ചെയ്തത്. മന്ത്രി വി എന്‍ വാസവനും വാവാ സുരേഷിനൊപ്പം ഉണ്ടായിരുന്നു. നിവരധി പേരാണ് വാവാ സുരേഷിനെ കാണാനായി ആശുപത്രിയില്‍ തടിച്ചുകൂടിയത്. അണുബാധയ്ക്ക് സാധ്യതയുള്ളതിനാൽ വീട്ടിലെത്തിയാലും സൂക്ഷിക്കണമെന്നും സന്ദർശകരെ ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്.
ഇതിനിടെ വാവ സുരേഷിന് വീടുവെച്ച് നൽകാൻ സന്നദ്ധത അറിയിച്ച് വ്യവസായി രംഗത്തെത്തി. ഇത് സുരേഷ് അംഗീകരിച്ചു. ചെന്നൈ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പ്രമുഖ ഹോട്ടൽ ശൃംഖലയായ സംഗീത ഗ്രൂപ് ഉടമയാണ് വീട് വെച്ചുകൊടുക്കാൻ സന്നദ്ധത അറിയിച്ചത്. സുരേഷിന്‍റെ കുടുംബ ഓഹരിയായ നാലര സെന്‍റ് ഭൂമിയിലാകും വീട് നിർമിച്ചുനൽകുക.

















