തിരുവനന്തപുരം: ലോകായുക്ത നിയമം ഭേദഗതി ചെയ്തുകൊണ്ടുള്ള ഓർഡിനൻസിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പിട്ടു. രണ്ടാഴ്ച മുമ്പാണ് ഓർഡിനൻസ് ഗവർണറുടെ അനുമതിക്കായി സംസ്ഥാന സർക്കാർ നൽകിയത്. ഓർഡിനൻസിൽ ഒപ്പിടാതെ ഗവർണർ നിയമോപദേശമടക്കം തേടിയിരുന്നു. വിദേശ പര്യടനം കഴിഞ്ഞ് തിരിച്ചെത്തിയ മുഖ്യമന്ത്രി ഇന്നലെ ഗവർണറെ സന്ദർശിച്ച് ഓർഡിനൻസിൻ്റെ സാഹചര്യം വിശദീകരിക്കുകയും ചെയ്തു. തുടർന്നാണ് ഓർഡിനൻസിൽ ഇന്ന് ഗവർണർ ഒപ്പുവെച്ചത്.
നിലവിലെ ലോകായുക്ത നിയമത്തിലെ പതിനാലാം വകുപ്പ് ഭരണഘടനാ വിരുദ്ധമെന്നതും ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ ഉണ്ടായ സാഹചര്യം കൂടിക്കാഴ്ച്ചയില്‍ മുഖ്യമന്ത്രി ഗവര്‍ണറെ ധരിപ്പിച്ചിരുന്നു. തുടര്‍ന്ന് വിശദാംശങ്ങള്‍ പരിഗണിച്ച ശേഷമാണ് ഗവര്‍ണര്‍ ഓര്‍ഡിനന്‍സില്‍ ഒപ്പുവെച്ചത്. ഇനി മന്ത്രിസഭാ യോഗത്തില്‍ നിയമസഭ വിളിച്ചു ചേര്‍ക്കാനാകും സര്‍ക്കാരിൻ്റെ ഭാഗത്ത് നിന്നുള്ള അടുത്ത നീക്കം.
അതേസമയം, വിഷയത്തില്‍ പ്രതിപക്ഷം കോടതിയെ സമീപിച്ചേക്കും. ഇന്നലെ ഒരു മണിക്കൂറോളമാണ് മുഖ്യമന്ത്രിയും ഗവര്‍ണറും കൂടിക്കാഴ്ച നടത്തിയത്. രാജ്ഭവനിലായിരുന്നു കൂടിക്കാഴ്ച. ലോകായുക്ത നിയമ ഭേദഗതി ഓര്‍ഡിനന്‍സില്‍ സര്‍ക്കാര്‍ നിലപാട് മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് മുമ്പാകെ വിശദീകരിച്ചു. ഡിസംബര്‍ ആദ്യം സര്‍വ്വകലാശാല വിവാദത്തില്‍ സര്‍ക്കാര്‍-ഗവര്‍ണര്‍ പോര് തുടങ്ങിയ ശേഷമുള്ള ആദ്യ കൂടിക്കാഴ്ചയാണ് ഇന്നലെ നടന്നത്.
ലോകായുക്ത ഓര്‍ഡിനന്‍സില്‍ ഗവര്‍ണറുടെ തീരുമാനം വൈകുന്നത് സര്‍ക്കാരിന് വന്‍ പ്രതിസന്ധിയാണ് തീര്‍ത്ത സാഹചര്യത്തിലായിരുന്നു കൂടിക്കാഴ്ച്ച. പ്രതിപക്ഷം നല്‍കിയ പരാതിയില്‍ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍ സംബന്ധിച്ച സംശയങ്ങളാണ് കൂടിക്കാഴ്ചയില്‍ ഗവര്‍ണര്‍ പ്രധാനമായും ഉന്നയിച്ചിരുന്നത്. നേരത്തെ ഗവര്‍ണര്‍ക്ക് രേഖാമൂലം നല്‍കിയ വിശദീകരണം മുഖ്യമന്ത്രി ആവര്‍ത്തിച്ചു.
കേരള ലോകായുക്ത നിയമത്തിലെ പതിനാലാം വകുപ്പ് മറ്റ് സംസ്ഥാനങ്ങളിലെ ലോകായുക്തകള്‍ക്ക് ഇല്ലാത്ത അധികാരം നല്‍കുന്നുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു. ക്വോ വാറന്റോ റിട്ടിലൂടെ ജനപ്രതിനിധികളെ അയോഗ്യരാക്കുന്ന വകുപ്പ് ഭരണഘടനാ വിരുദ്ധമാണ്. ഇത് സംബന്ധിച്ച് അഡ്വക്കേറ്റ് ജനറലിൻ്റെ നിയമോപദേശം ഉണ്ടെന്നും ഈ സാഹചര്യത്തിലാണ് ഓര്‍ഡിനന്‍സ് കൊണ്ടുവന്നതെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം.

















