കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിനെത്തുടർന്ന് ദിലീപ് നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്ന് ഹൈക്കോടതി വിധി പറയും. ഗൂഢാലോചനയ്ക്ക് കൂടുതൽ തെളിവുകൾ നിരത്തി പ്രോസിക്യൂഷനും, എല്ലാം കെട്ടിച്ചമച്ച ആരോപണങ്ങളെന്ന് വ്യക്തമാക്കി ദിലീപും നൽകിയ മറുപടി പരിഗണിച്ചാണ് മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി വിധി പറയുക.
മുൻകൂർ ജാമ്യാപേക്ഷ തളളിയാൽ ദിലീപ് അടക്കമുളള പ്രതികളെ അറസ്റ്റുചെയ്യാനുളള തീരുമാനത്തിലാണ് അന്വേഷണസംഘം. എന്നാൽ വ്യവസ്ഥകളോടയുളള ജാമ്യമെങ്കിലും കിട്ടുമെന്ന പ്രതീക്ഷയിലാണ് പ്രതികൾ. മുൻകൂർ ജാമ്യാപേക്ഷ അനുവദിച്ചാൽ പ്രോസിക്യൂഷന് തിരിച്ചടിയാകും. ഇതിനിടെ നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ഹർജി ഹൈക്കോടതിയിലെ മറ്റൊരു ബെഞ്ച് പരിഗണിക്കും
കേസിൽ മുൻകൂർ ജാമ്യാപേക്ഷയിൽ വെള്ളിയാഴ്ച വാദം പൂർത്തിയായിരുന്നു. സാക്ഷി എന്ന നിലയിൽ ബാലചന്ദ്രകുമാറിൻ്റെ വിശ്വാസ്യതയിൽ യാതൊരു സംശയവും വേണ്ടെന്നും തൻ്റെ മൊഴികളെ സാധൂകരിക്കുന്ന ഓഡിയോ ക്ലിപ്പുകൾ ബാലചന്ദ്രകുമാർ ഹാജരാക്കിയിട്ടുണ്ടെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.അതേസമയം നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം റദ്ദാക്കണമെന്നും വിചാരണ വേഗത്തിൽ തീർക്കണം എന്ന ദിലീപിൻ്റെ ഹർജിയും ഇന്ന് പരിഗണിക്കും.

















