ന്യൂഡൽഹി: രാജ്യത്ത് അടിയന്തര ആവശ്യത്തിന് ഒരു വാക്സിന് കൂടി അനുമതി. സ്പുട്നിക് ലൈറ്റിന്റെ ഒറ്റഡോസ് വാക്സിനാണ് അനുമതി നല്‍കിയത്.
വിദഗ്ധ സംഘത്തിന്റെ ശിപാര്‍ശ ഡ്രഗ്സ് കണ്ട്രോളര് അംഗീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി ഡോ. മന്‍സൂഖ് മാണ്ഡവ്യ അറിയിച്ചു. ഇതോടെ രാജ്യത്ത് അനുമതിയുള്ള വാക്സിനുകളുടെ എണ്ണം ഒന്‍പതായി.
ഇന്ത്യയിലെ വാക്സിനേഷൻ പദ്ധതിയുടെ ഭാഗമായ റഷ്യൻ ‘സ്പുട്നിക് വി’യുടെ വാക്സിൻ ഘടകം-1 തന്നെയാണ് സ്പുട്‌നിക് ലൈറ്റിലും ഉള്ളത്. റഷ്യയിലെ ഗമാലിയ സെന്ററിലാണ് മരുന്ന് വികസിപ്പിച്ചെടുത്തത്. ഹെറ്ററോ ബയോഫാർമ ലിമിറ്റഡാണ് ഇന്ത്യയിലെ വിതരണക്കാർ. ഇന്ത്യയിൽ നിർമിക്കുന്ന സ്പുട്നിക് ലൈറ്റിന്റെ കയറ്റുമതിക്ക് കഴിഞ്ഞ വർഷം ഒക്ടോബറിൽ സർക്കാർ അനുവാദം നൽകിയിരുന്നു.
ഡെൽറ്റയ്‌ക്കെതിരേ വാക്സിന് 70 ശതമാനം ഫലപ്രാപ്തിയുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്. രാജ്യത്ത് ഇതുവരെ 12 ലക്ഷത്തിലധികം സ്പുട്‌നിക് വാക്സിനുകൾ വിതരണം ചെയ്തിട്ടുണ്ട്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവാക്സിന് 13 രാജ്യങ്ങൾ അടിയന്തര ഉപയോഗത്തിന് അനുമതി നൽകിയിട്ടുണ്ട്.
















