ന്യൂഡല്‍ഹി: പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ്സിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ രാഹുല്‍ ഗാന്ധി പ്രഖ്യാപിക്കുന്നത് ചോദ്യം ചെയ്ത് ബിജെപി. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഒരു സ്ഥാനവും വഹിക്കുന്നില്ലെന്നും അതിനാല്‍ പ്രഖ്യാപനം നടത്താന്‍ എന്ത് അധികാരമാണ് അദ്ദേഹത്തിനുള്ളതെന്നും ബിജെപി ചോദിച്ചു. കേന്ദ്ര ജലശക്തി മന്ത്രിയും ബിജെപി നേതാവുമായ ഗജേന്ദ്ര സിംഗ് ഷെഖാവത്താണ് രാഹുലിനെതിരേ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്.
“മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ തിരഞ്ഞെടുക്കുന്നത് തീര്‍ച്ചയായും പാര്‍ട്ടിയുടെ പ്രത്യേകാവകാശമാണ്. എന്നാല്‍ കോണ്‍ഗ്രസിന്റെ 50-ഓളം എംപിമാരില്‍ ഒരാളെന്നതിലുപരി, പാര്‍ട്ടിയില്‍ ഇപ്പോള്‍ എന്ത് അധികാരമാണ് രാഹുലിനുള്ളതെന്ന് പഞ്ചാബിലെ ജനങ്ങള്‍ അറിയാന്‍ ആഗ്രഹിക്കുന്നു.”-ഷെഖാവത്ത് പ്രസ്താവനയില്‍ പറഞ്ഞു.
2019ല്‍ ലോക്സഭാ തിരഞ്ഞെടുപ്പിലെ പരാജയത്തെ തുടര്‍ന്ന് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘ഗാന്ധി’ എന്ന കുടുംബപ്പേര് ഉള്ളത് മാത്രമാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ ഏക യോഗ്യതയെന്നും ഷെഖാവത്ത് പരിഹസിച്ചു.
നേരത്തെ ലുധിയാനയില്‍ നടന്ന ഒരു വെര്‍ച്വല്‍ റാലിയെ അഭിസംബോധന ചെയ്യവെയാണ് പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ചരണ്‍ജിത് സിംഗ് ചന്നിയെ പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി രാഹുല്‍ ഗാന്ധി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്.
















