അഹമ്മദാബാദ്: വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് അനായാസ ജയം. അഹമ്മബാദില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിന്റെ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് 176 റൺസിന് ഓൾഔട്ടായപ്പോൾ ഇന്ത്യൻ 4 വിക്കറ്റ് നഷ്ടപ്പെടുത്തി 28 ഓവറിൽ വിജയലക്ഷ്യം മറികടന്നു. 60 റൺസെടുത്ത ക്യാപ്റ്റൻ രോഹിത് ശർമ്മയാണ് ഇന്ത്യൻ ഇന്നിംഗ്സിനെ നയിച്ചത്. സൂര്യകുമാർ യാദവ് 34 റൺസെടുത്ത് പുറത്താവാതെ നിന്നു. (india won west indies)
ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ മുന്നിലെത്തി. രോഹിത് ശര്‍മയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. യൂസ്‌വേന്ദ്ര ചാഹലിന്റെ നാല് വിക്കറ്റ് പ്രകടനവും ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായി.
177 റൺസിന്റെ വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് മികച്ച തുടക്കമാണ് നായകന്‍ രോഹിത് ശർമ്മയും ഇഷാൻ കിഷനും ചേർന്ന് നൽകിയത്. ആദ്യ വിക്കറ്റിൽ തന്നെ 84 റൺസ് ചേർത്തിരുന്നു. എന്നാൽ കിഷൻ മടങ്ങിയതിന് പിന്നാലെ കോഹ്‌ലിയും(8) റിഷബ് പന്തും(11) അടുത്ത് അടുത്ത് പുറത്തായത് ആശങ്ക പടർത്തിയെങ്കിലും സൂര്യകുമാർ യാദവും(34) ദീപക് ഹൂഡയും(26) ചേർന്ന് ഇന്ത്യയെ വിജയത്തിലെത്തിക്കുകയായിരുന്നു.
വിൻഡീസിനായി അൽസാരി ജോസഫ് രണ്ട് വിക്കറ്റ് വീഴ്ത്തി.
ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ വെസ്റ്റ് ഇൻഡീസ് 43.5 ഓവറിൽ 176 റൺസിന് ഓൾഔട്ടാവുകയായിരുന്നു. 57 റൺസെടുത്ത ജേസൻ ഹോൾഡർ ആണ് വിൻഡീസിൻ്റെ ടോപ്പ് സ്കോറർ. ഫാബിയൻ അലൻ 29 റൺസ് നേടി പിന്തുണകൊടുത്തു. വിൻഡീസ് നിരയിൽ മൂന്ന് താരങ്ങൾക്കൊഴികെ മറ്റെല്ലാവർക്കും മികച്ച തുടക്കം ലഭിച്ചെങ്കിലും ആർക്കും അത് മുതലെടുക്കാനായില്ല.
സിറാജ് തുടങ്ങിവെച്ച വിക്കറ്റ് വേട്ട സ്പിന്നർമാരായ യൂസ്‌വേന്ദ്ര ചാഹലും വാഷിങ്ടൺ സുന്ദറും കൂടി ഏറ്റെടുക്കുകയായിരുന്നു. ഇരുവരും ചേർന്ന് ഏഴ് വിക്കറ്റുകളാണ് വീഴ്ത്തിയത്. ഇതിൽ ചഹൽ നാല് വിക്കറ്റ് നേടിയപ്പോൾ സുന്ദർ മൂന്ന് വിക്കറ്റ് വീഴ്ത്തി. പ്രസിദ്ധ് കൃഷ്ണ രണ്ടും മുഹമ്മദ് സിറാജ് ഒരു വിക്കറ്റും വീഴ്ത്തി.
















