മുംബൈ: പാൽ ആവശ്യപ്പെട്ട് കരഞ്ഞ കാമുകിയുടെ കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവത്തിൽ 21കാരൻ അറസ്റ്റിൽ. ഭയന്ദർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ആദിൽ മുനവർ ഖാനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. രണ്ടു വയസുകാരി സോനാലിയാണ് ക്രൂരമായ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
പൂജയുടെ രണ്ടു വയസുള്ള മകളായ സോണാലിയാണ് മരിച്ചത്. പൂജയുടെ രണ്ടാമത്തെ കുട്ടിയാണിത്. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ ശേഷം ഒപ്പം കഴിയുന്ന കാമുകന് ആദില്‍ മുനവര്‍ ഖാനാണ് പോലീസിൻ്റെ പിടിയിലായത്. ചോദ്യം ചെയ്യലില്‍ യുവാവ് കുറ്റസമ്മത മൊഴി നല്‍കിയതായി പോലീസ് പറയുന്നു. കാറ്ററിംഗ് സ്ഥാപനത്തിലാണ് പൂജ ജോലി ചെയ്യുന്നത്.
ചൊവ്വാഴ്ച രാത്രി കുഞ്ഞിനെ ആദിലിനെ ഏല്‍പ്പിച്ചാണ് സോണാലി ജോലിക്കായി പുറത്തിറങ്ങിയത്. ബുധനാഴ്ച രാവിലെ കുഞ്ഞിൻ്റെ തലപൊട്ടി ചോരയൊലിക്കുന്നതായി ആദില്‍ ഫോണില്‍ വിളിച്ചു പറഞ്ഞതായി പൂജ പരാതിയില്‍ പറയുന്നു. ഫോണില്‍ താന്‍ കളിച്ചുകൊണ്ടിരിക്കേ കുഞ്ഞിനെ നിലത്തുവീണ നിലയില്‍ കണ്ടെത്തിയെന്നാണ് ആദില്‍ പറഞ്ഞത്. ഉടന്‍ തന്നെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ നിര്‍ദേശിച്ചു.
ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ പറഞ്ഞതായി യുവതിയുടെ പരാതിയില്‍ പറയുന്നു. കുഞ്ഞ് മരിച്ച വിവരം ആശുപത്രി അധികൃതര്‍ പോലീസിനെ അറിയിച്ചു. പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുഞ്ഞിനെ ശ്വാസംമുട്ടിച്ചാണ് കൊന്നതെന്ന് കണ്ടെത്തി. തുടര്‍ന്ന് കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ് ചോദ്യം ചെയ്തപ്പോഴാണ് ആദില്‍ കുറ്റസമ്മതം നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. പാലിന് വേണ്ടി കരഞ്ഞപ്പോള്‍ ദേഷ്യം വന്ന ആദില്‍ കുട്ടിയെ അടിച്ചതായി പോലീസ് പറയുന്നു.