കൊച്ചി: ഭൂമി തരം മാറ്റലുമായി ബന്ധപ്പെട്ടുള്ള അപേക്ഷകൾ വേഗത്തിൽ പരിഹരിക്കണമെന്ന് എറണാകുളം ജില്ലാ കളക്ടർ ജാഫർ മാലിക്. അപേക്ഷകളിൽ സമയബന്ധിതമായി പരിഹാരം കാണണമെന്ന് ജില്ലാ കളക്ടർ നിർദേശിച്ചു. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ചുള്ള യോഗത്തിലാണ് നിർദേശം. ഭൂമി തരം മാറ്റലുമായി ബന്ധപെട്ട നടപടിക്രമങ്ങളില്‍ വന്ന കാലതാമസത്തെ തുടര്‍ന്ന് പറവൂരില്‍ മത്സ്യതൊഴിലാളി ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നാലെയാണ് ജില്ലാ കളക്ടറുടെ നിർദേശം.
നിലവിലെ നിയമപ്രകാരം നടപടി ക്രമങ്ങളിൽ മാറ്റം വരുത്താനാകില്ല. എങ്കിലും അപേക്ഷകളിൽ പ്രായോഗികമായി ഉണ്ടാകുന്ന താമസം ഒഴിവാക്കാൻ കഴിയുമെന്ന് കലക്ടർ പറഞ്ഞു. ഓഫീസുകളിൽ വരുന്ന ജനങ്ങളോട് സൗമ്യമായി പെരുമാറണം. ഒരാൾക്കു പോലും ബുദ്ധിമുട്ട് ഉണ്ടാകരുത്. അപേക്ഷകളിൽ ലളിതമാക്കേണ്ടത് സങ്കീർണ്ണമാക്കാതിരിക്കുക. മനഃപൂർവം കാലതാമസം ഉണ്ടാക്കാതിരിക്കണം.
അപേക്ഷയുമായി വരുന്നവരുടെ ആവശ്യം ന്യായമാണെന്നു ബോധ്യപ്പെട്ടാൽ മാനുഷിക പരിഗണനകൂടി കണക്കിലെടുത്ത് വേഗത്തിൽ പരിഹരിക്കണം. ചിലർ വരുത്തുന്ന പിഴവ് മുഴുവൻ ജീവനക്കാരെയുമാണു ബാധിക്കുന്നതെന്ന് കലക്ടർ പറഞ്ഞു. നടപടി ക്രമങ്ങൾ വേഗത്തിലാക്കുന്നതിന് ഫോർട്ട് കൊച്ചി സബ് കലക്ടറിന്‍റെ നേതൃത്വത്തിൽ 9 അംഗ സബ് കമ്മിറ്റി രൂപീകരിച്ച് ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനും കലക്ടർ നിർദേശിച്ചു.
പറവൂർ മൂത്തകുന്നത്ത് മത്സ്യത്തൊഴിലാളിയായ സജീവൻ (57) ഭൂമി തരം മാറ്റാൻ അപേക്ഷ നൽകി സർക്കാർ ഓഫീസുകൾ കയറിയിറങ്ങി നിരാശനായി കഴിഞ്ഞ ദിവസം ജീവനൊടുക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് പുതിയ നിർദേശം. സജീവൻ സമർപ്പിച്ച അപേക്ഷയിൽ ചട്ടപ്രകാരമുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്നും കാലതാമസമുണ്ടായിട്ടില്ലെന്നും ഫോർട്ട്കൊച്ചി സബ് കലക്ടർ ജില്ല കലക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു.

















