ന്യൂഡല്‍ഹി: സ്വര്‍ണക്കള്ളക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിൻ്റെ വെളിപ്പെടുത്തൽ കോൺഗ്രസിൻ്റെ ആരോപണങ്ങൾ ശരി വെക്കുന്നതാണെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. എം ശിവശങ്കറിൻ്റെ യാത്രകൾ പലതും ഔദ്യോഗികമായിരുന്നില്ല. ഒന്നാം പിണറായി സർക്കാർ സെക്‌സും സ്റ്റണ്ടും നിറഞ്ഞ സിനിമയായിരുന്നു എന്നും കെ മുരളീധരൻ പറഞ്ഞു.
സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ ഉത്തരവാദിത്തത്തില്‍ നിന്ന് മുഖ്യമന്ത്രിയ്ക്ക് ഒഴിഞ്ഞുമാറാനാകില്ല. മൂക്കിന് താഴെ നടന്ന കാര്യങ്ങള്‍ അറിഞ്ഞില്ലെങ്കില്‍ മുഖ്യമന്ത്രി പദത്തില്‍ തുടരാന്‍ പിണറായി വിജയന്‍ യോഗ്യനല്ല. കേസില്‍ കെ ടി ജലീലിൻ്റെ പങ്ക് അന്വേഷിക്കണം. മന്ത്രിയ്ക്ക് കോണ്‍സുല്‍ ജനറലുമായി എന്താണ് ബന്ധം ഉണ്ടാവാനുള്ളത്. എംപിമാര്‍ക്ക് പോലും വിദേശ എംബസികളുമായി ബന്ധപ്പെടാന്‍ പാടില്ല.
ലൈഫ് പദ്ധതിയില്‍ കമ്മീഷന്‍ വാങ്ങി എന്നത് സ്വപ്ന തന്നെ പറഞ്ഞില്ലേ. ഇത്രയും മുതിര്‍ന്ന ഉദ്യോഗസ്ഥനല്ലേ ശിവശങ്കര്‍, അറിയില്ലേ സര്‍ക്കാര്‍ അനുമതി ഇല്ലാതെ പുസ്തകം എഴുതാന്‍ പാടില്ലെന്നത്. പുസ്തകം തന്നെ ഒരു അഴിമതിയാണ്. അഴിമതിക്ക് വെള്ള പൂശാന്‍ ഉള്ള ശ്രമമാണ്. സില്‍വര്‍ ലൈന്‍ പദ്ധതി കമ്മീഷന്‍ പറ്റാനുള്ള നീക്കം ആണ് എന്ന് കോണ്‍ഗ്രസ് ആരോപിച്ചത് ഇപ്പോള്‍ എല്ലാവര്‍ക്കും മനസിലായെന്നും മുരളീധരന്‍ പറഞ്ഞു.

















