തിരുവനന്തപുരം: സംഗീത ഇതിഹാസം ലതാ മങ്കേഷ്കറുടെ നിര്യാണത്തിൽ സ്പീക്കർ എം ബി രാജേഷ് അനുശോചിച്ചു. ആയിരക്കണക്കിന് ഗാനങ്ങളിലൂടെ ജനമനസ്സ് കീഴടക്കിയ ഇന്ത്യയുടെ വാനമ്പാടിയ്ക്ക് ഓരോ തലമുറയിലും ആരാധകരുണ്ട്. ഇന്ത്യയുടെ ഐക്യവും ദേശീയോദ്ഗ്രഥനവും വളർത്തുന്നതിൽ ലതയുടെ ഓർമ്മ നമുക്ക് പ്രചോദനമാകും. ലോകമെങ്ങുമുള്ള ആരാധകരുടെയും കുടുംബാംഗങ്ങളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായി സ്പീക്കർ പറഞ്ഞു.
സ്പീക്കർ എം ബി രാജേഷിൻ്റെ വാക്കുകൾ:
ഇന്ത്യയുടെ വാനമ്പാടി യാത്രയായിരിക്കുന്നു. ഭാരതരത്നം ലതാ മങ്കേഷ്കറിൻ്റെ നിര്യാണത്തോടെ സംഭവബഹുലമായ ഒരു യുഗം അവസാനിക്കുന്നു. ലോകമെങ്ങുമുള്ള ഇന്ത്യക്കാരെ ഒന്നിപ്പിക്കുന്ന മഹത്തായൊരു ശക്തിയാണ് ലതാ മങ്കേഷ്കർ. സമസ്ത വികാരങ്ങളും സാന്ദ്രീകരിച്ച് ലത പാടുമ്പോൾ അത് കേൾക്കുന്നവർ തങ്ങളുടെ സകല ദുഃഖങ്ങളും മറക്കുന്നു. അങ്ങനെ സംഗീതത്തെ മനുഷ്യ സേവനത്തിനുള്ള വലിയ ഉപാധിയാക്കി മാറ്റി. എല്ലാവരെയും ഉൾക്കൊള്ളുന്ന ഇന്ത്യയെന്ന വികാരം വളർത്തുന്നതിൽ അവരുടെ പങ്ക് നിസ്സീമമാണ്. ലതയുടെ സംഗീതം കേട്ട് നെഹ്റു പോലും ആർദ്രഹൃദയനായത് ചരിത്രം. ഇന്ത്യയുടെ ഐക്യവും ദേശീയോദ്ഗ്രഥനവും വളർത്തുന്നതിൽ ലതയുടെ ഓർമ്മ നമുക്ക് പ്രചോദനമാകും. ലോകമെങ്ങുമുള്ള ആരാധകരുടെയും കുടുംബാംഗങ്ങളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fmbrajeshofficial%2Fposts%2F5094387687288867&show_text=true&width=500

















