മുംബൈ: വിഖ്യാത ഗായിക ലതാ മങ്കേഷ്കറിന്‍റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു.ഇന്നലെ വൈകുന്നേരം ആശുപത്രി പുറത്തിറക്കിയ വാർത്താകുറിപ്പിലാണ് ഗായികയുടെ ആരോഗ്യനിലയെ കുറിച്ചുള്ള വിവരങ്ങൾ പുറത്ത് വിട്ടത്.അതികഠിനമായ ചികിത്സാരീതികളാണ് നിലവിൽ നടത്തുന്നതെന്നും എന്നാൽ ലതാ മങ്കേഷ്കർ ചികിത്സയോടും മരുന്നുകളോടും പ്രതികരിച്ച് തുടങ്ങിയത് ശുഭസൂചനയാണെന്ന് ഗായികയെ ചികിത്സിക്കുന്ന ഡോ പ്രതീത് സംദാനി മാദ്ധ്യമങ്ങളോട് പറഞ്ഞു.
നിരവധി പ്രമുഖർ ലതാ മങ്കേഷ്കറിന്‍റെ ആരോഗ്യവിവരങ്ങൾ അന്വേഷിച്ച് എത്തുന്ന സാഹചര്യം കൂടി പരിഗണിച്ച് ആശുപത്രിയുടെ സുരക്ഷ വർധിപ്പിച്ചു. സഹോദരിയും ഗായികയുമായ ആശാ ഭോസ്ലെ, കേന്ദ്രമന്ത്രി പിയുഷ് ഗോയൽ, എംഎൻഎസ് തലവൻ രാജ് താക്കറെ, സുപ്രിയാ സുലേ എംപി തുടങ്ങിയവർ ഇന്നലെ ആശുപത്രിയിലെത്തിയിരുന്നു.
ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെടുന്ന ലതാ മങ്കേഷ്‌കർ ആയിരക്കണക്കിന് ഹിന്ദി ചലച്ചിത്ര ഗാനങ്ങളും മലയാളത്തിൽ ഉൾപ്പടെ ഇന്ത്യയിലെ മിക്ക ഭാഷകളിലും പാട്ടുകൾ പാടിയ ഗായികയുമാണ്. 2001ൽ രാജ്യം ഭാരതരത്ന നൽകി ആദരിച്ചിരുന്നു.
















