കൊച്ചി: ലൈംഗിക പീഡന പരാതിയിൽ സംവിധായകൻ ബാലചന്ദ്രകുമാറിനെതിരെ കേസെടുത്തു. എളമക്കര പൊലീസാണ് കേസെടുത്തത്. കണ്ണൂർ സ്വദേശിനിയായ യുവതിയുടെ പരാതിയിന്മേലാണ് കേസ്. പത്ത് വർഷം മുമ്പ് ജോലി വാഗ്ദാനം ചെയ്ത പീഡിപ്പിക്കുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതി. ഗാനരചയിതാവിന്റെ വീട്ടിൽ വച്ചാണ് പീഡനത്തിന് ഇരയായതെന്നും യുവതി പരാതിയിൽ പറയുന്നു.
ഇന്ന് രാവിലെയാണ് കൊച്ചി പൊലീസ് കമ്മീഷണർക്ക് യുവതി പരാതി നൽകിയത്. 2011 ഡിസംബറിൽ സിനിമാ ഗാനരചയിതാവിന്റെ എറണാകുളം പുതുക്കലവട്ടത്തെ വീട്ടിൽ വെച്ച് പീഡിപ്പിച്ചെന്നാണ് 40 കാരിയായ കണ്ണൂർ സ്വദേശിനി പരാതിയിൽ ആരോപിക്കുന്നത്. സിനിമയിൽ അവസരം നൽകാമെന്ന് വാഗ്ദാനം ചെയ്താണ് വിളിച്ചു വരുത്തി പീഡിപ്പിച്ചതെന്നും സംഭവശേഷം പരാതി നൽകുമെന്ന് പറഞ്ഞപ്പോൾ പീഡന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ കാണിച്ച് ഭീഷണിപ്പെടുത്തിയെന്നും ഇവർ പറയുന്നു.
അതേസമയം, തനിക്കെതിരായ പീഡന പരാതിക്ക് പിന്നിൽ ദിലീപെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ ആരോപിച്ചിരുന്നു. പീഡനപരാതി കാണിച്ച് ഭീഷണിപ്പെടുത്തിയാലും പിന്നോട്ടില്ലെന്ന് ബാലചന്ദ്രകുമാർ പറഞ്ഞു.
ദിലീപിനെതിരെ കൂടുതൽ വെളിപ്പെടുത്തലുകളാണ് ഇന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നടത്തിയത്. ദിലീപിനെതിരെ പുതിയ ശബ്ദരേഖ ബാലചന്ദ്രകുമാര്‍ പുറത്തുവിട്ടു. ദിലീപും സഹോദരൻ അനൂപും ചേര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥരെ തെളിവില്ലാതെ എങ്ങനെ കൊല്ലാമെന്ന് ഗൂഢാലോചന നടത്തുന്നതാണ് ശബ്ദരേഖയിലുള്ളതെന്ന് ബാലചന്ദ്രകുമാര്‍ പറഞ്ഞു. മറ്റന്നാള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയാനിരിക്കെയാണ് ശബ്ദസംഭാഷണങ്ങള്‍ പുറത്തുവരുന്നത്.

















