ഹൈദരാബാദ്: പതിനൊന്നാം നൂറ്റാണ്ടിലെ ഭക്തസന്യാസിയും സാമൂഹിക പരിഷ്‌കര്‍ത്താവുമായ ശ്രീ രാമാനുജാചാര്യയുടെ സമത്വ പ്രതിമ പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തിനു സമര്‍പ്പിച്ചു. 216 അടി ഉയരമുള്ള രാമാനുജാചാര്യയുടെ പഞ്ചലോഹ പ്രതിമയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അനാച്ഛാദനം ചെയ്തത്. രാമാനുജാചാര്യയുടെ അറിവും ആശയങ്ങളും രാജ്യത്തിന് മാർഗദർശിയാണെന്നും, സമത്വത്തിന്റെ പ്രതിമ യുവാക്കൾക്ക് പ്രചോദനം ആണെന്നും പ്രധാന മന്ത്രി പറഞ്ഞു.
ബസന്ത് പഞ്ചമി ദിനത്തിലാണ് രാമാനുജാചാര്യരുടെ പ്രതിമ സമര്‍പ്പിച്ചത്. ഇന്ത്യയുടെ പൗരാണിക സംസ്‌കാരത്തെ വീണ്ടും ശക്തിപ്പെടുത്തുന്നതാണ് പ്രതിമ. രാമാനുജാചാര്യര്‍ വര്‍ഷങ്ങളോളം യാത്ര ചെയ്തും പഠിച്ചും നേടിയത് ഇനി ഇവിടെ ലഭിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഹൈദരാബാദിലെ ഷംഷാബാദിൽ 45 ഏക്കർ വരുന്ന കെട്ടിടസമുച്ചയത്തിൽ ‘പഞ്ചലോഹം’ കൊണ്ടാണ് പ്രതിമ നിർമിച്ചിരിക്കുന്നത്. ഇരിക്കുന്ന സ്ഥിതിയിലുള്ള ലോകത്തെ ഏറ്റവും വലിയ ലോഹ പ്രതിമകളിൽ ഒന്നാണിത്. ‘ഭദ്ര വേദി’ എന്ന് പേരിട്ടിരിക്കുന്ന 54 അടി ഉയരമുള്ള അടിത്തറയുള്ള കെട്ടിടത്തിലാണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. ഈ കെട്ടിടത്തില്‍ ഒരു ഡിജിറ്റല്‍ ലൈബ്രറിയും ഗവേഷണ കേന്ദ്രവും ശ്രീരാമാനുജാചാര്യരുടെ കൃതികളും തത്ത്വചിന്തകളും വിവരിക്കുന്ന ഒരു വിദ്യാഭ്യാസ ഗാലറിയും ഒരു തിയേറ്ററും സജ്ജീകരിച്ചിട്ടുണ്ട്.
ജാതി- മത ഭേദമില്ലാതെ സമസ്ത മേഖലകളിലും സമത്വം എന്ന ആശയം പ്രചരിപ്പിച്ചിരുന്ന രാമാനുജാചാര്യനോടുള്ള ആദരാസൂചകമായാണ് പ്രതിമക്ക് സമത്വത്തിന്റെ പ്രതിമ എന്ന പേര് നൽകിയത്.
















