ഡെറാഡൂൺ: ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പിൽ നാലു വാഗ്ദാനങ്ങളുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. 5 ലക്ഷം കുടുംബങ്ങൾക്ക് വർഷം 40,000 രൂപ വീതം നൽകുന്ന ന്യായ് സ്കീം, 4 ലക്ഷം പേർക്ക് ജോലി, 500 രൂപയിൽ താഴെ ഗ്യാസ് സിലിണ്ടർ, വീട്ടുവാതിൽക്കൽ വൈദ്യ സഹായം എന്നീ വാഗ്ദാനങ്ങളാണ് രാഹുൽ ഗാന്ധി മുന്നോട്ടുവച്ചത്.
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും രാഹുൽ രൂക്ഷ വിമർശനം ഉന്നയിച്ചു. ജനാധിപത്യ രീതിയിൽ തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയെ പോലെയല്ല നരേന്ദ്രമോദി പെരുമാറുന്നത്. താൻ ഒരു തീരുമാനം എടുത്ത് കഴിഞ്ഞാൽ അത് ജനങ്ങൾ മിണ്ടാതെ അനുസരിക്കുമെന്ന് വിശ്വസിക്കുന്ന രാജാവിനെപ്പോലെയാണ് മോദി പെരുമാറുന്നതെന്ന് രാഹുൽ ആക്ഷേപിച്ചു.
കൊവിഡ് അതിതീവ്ര വ്യാപനം നടക്കുന്ന സമയത്ത് ഒരു വർഷത്തോളം പ്രധാനമന്ത്രി രാജ്യത്തെ കർഷകരെ തെരുവിലിരുത്തി. കോൺഗ്രസ് ഒരിക്കലും കർഷകർക്കും യുവാക്കൾക്കും പാവപ്പെട്ടവർക്കും തൊഴിലാളികൾക്കും നേരെ വാതിൽ കൊട്ടിയടക്കില്ലെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.
ഏറെ വിവാദമായ മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതുവരെ കേന്ദ്രത്തിനെതിരെ ശക്തമായ ചെറുത്ത് നിൽപ്പ് തുടർന്ന കർഷകരെ അഭിനന്ദിക്കുന്നതായി രാഹുൽ പറഞ്ഞു.
ഉത്തരാഖണ്ഡിലെ 70 സീറ്റുകളിലേക്ക് ഫെബ്രുവരി 14നാണ് വോട്ടെടുപ്പ് നടക്കുന്നത്. മാർച്ച് 10ന് ഫലം പ്രഖ്യാപിക്കും.
















