ഹൈദരാബാദ്: സംസ്ഥാനത്ത് ഔദ്യോഗിക സന്ദര്‍ശനത്തിന് എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കാന്‍ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു എത്താതിരുന്നതിനെതിരേ ബിജെപി സംസ്ഥാന ഘടകം. പ്രോട്ടോകോള്‍ ലംഘിച്ച ചന്ദ്രശേഖര റാവുവിന്റെ തീരുമാനം വിഡ്ഢിത്തവും നാണക്കേടുണ്ടാക്കുന്നതുമാണെന്ന് ബിജെപി പ്രതികരിച്ചു. മുഖ്യമന്ത്രി പതിവായി ഭരണഘടനയെ അപമാനിക്കുന്നുവെന്നും പ്രധാനമന്ത്രിയെ അവഹേളിച്ചെന്നും ബിജെപി ആരോപിച്ചു.
ഹൈദരാബാദില്‍ വിമാനമിറങ്ങിയ പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ മുഖ്യമന്ത്രി എത്തിയിരുന്നില്ല. ഗവര്‍ണര്‍ തമിലിസൈ സൗന്ദരരാജന്‍, കേന്ദ്ര ടൂറിസം മന്ത്രി ജി കിഷൻ റെഡ്ഡി, സംസ്ഥാന മന്ത്രി തലസനി ശ്രീനിവാസ് യാദവ് എന്നിവരാണ് മോദിയെ സ്വീകരിച്ചത്.
അതേസമയം, ആരോഗ്യസ്ഥിതി മോശമായതിനാലാണ് വിമാനത്താവളത്തില്‍ എത്താതിരുന്നതെന്നും വൈകുന്നേരത്തെ പരിപാടിയില്‍ പങ്കെടുക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. മുഖ്യമന്ത്രിക്ക് പകരമാണ് മൃഗ സംരക്ഷണ, ഫിഷറീസ് മന്ത്രി തലസനി ശ്രീനിവാസ് യാദവിനെ നിയോഗിച്ചതെന്നും പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
















