തിരുവനന്തപുരം: റെയില്‍വേ ബോര്‍ഡിന്‍റെ അന്തിമാനുമതി കിട്ടിയ ശേഷം മാത്രമേ സില്‍വര്‍ലൈന്‍ അര്‍ധ അതിവേഗ റെയില്‍വേ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കുകയുള്ളൂവെന്ന് കെ റെയില്‍ ഡവലപ്പ്മെന്റ് കോര്‍പറേഷന്‍. ഇക്കാര്യം വ്യക്തമാക്കി സംസ്ഥാന ഗതാഗത വകുപ്പും സംസ്ഥാന റവന്യൂ വകുപ്പും നേരത്തെ തന്നെ വെവ്വേറെ ഉത്തരവുകള്‍ പുറപ്പെടുവിച്ചിട്ടുണ്ടെന്ന് കമ്പനി അറിയിച്ചു.
ഭൂമി ഏറ്റെടുക്കലില്‍ ന്യായമായ നഷ്ടപരിഹാരത്തിനും സുതാര്യതയ്ക്കും പുനരധിവാസത്തിനും പുനസ്ഥാപനത്തിനുമുള്ള അവകാശ നിയമ പ്രകാരമുള്ള സാമൂഹിക ആഘാതങ്ങള്‍ പഠിക്കാനും പദ്ധതിയുടെ ആവശ്യം നിര്‍ണയിക്കാനുമുള്ള പ്രാഥമിക അന്വേഷണമാണ് ഇപ്പോള്‍ നടക്കുന്നത്. ഈ നിയമത്തിലെ നാല് (ഒന്ന്) വകുപ്പു പ്രകാരമാണ് സംസ്ഥാന റവന്യൂ വകുപ്പ് ഇതിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചത്. സാമൂഹിക പ്രത്യാഘാത വിലയിരുത്തല്‍ പഠനത്തിനുള്ള തയാറെടുപ്പു നടത്തുന്നതു സംബന്ധിച്ച നടപടിക്രമങ്ങള്‍ ഈ വകുപ്പില്‍ വ്യക്തമാക്കുന്നു.
സര്‍ക്കാര്‍ ഒരു പൊതു ആവശ്യത്തിനായി ഭൂമി ഏറ്റെടുക്കാന്‍ തീരുമാനിച്ചാല്‍ പദ്ധതി ബാധിക്കുന്ന പ്രദേശങ്ങളില്‍ സാമൂഹിക ആഘാത പഠനം നടത്തേണ്ടതുണ്ട്. ഇക്കാര്യം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി കൂടിയാലോചിക്കും. ആ പഠനമാണ് ഇപ്പോള്‍ നടത്തുന്നത്. സാമൂഹിക ആഘാത പഠനം നടത്തുന്നതിന് മുന്നോടിയായി പദ്ധതിക്ക് ആവശ്യമായ സ്ഥലം കണ്ടെത്തുകയും അതിന് അതിരടയാളം സ്ഥാപിക്കുകയും ചെയ്യേണ്ടതുണ്ട്. അതിനു വേണ്ടിയാണ് സര്‍വേ അതിരടയാള നിയമത്തിലെ ആറ് (ഒന്ന്) വകുപ്പു പ്രകാരം സംസ്ഥാന റവന്യൂ വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചത്.
ഭൂമി ഏറ്റെടുക്കല്‍ വിഭാഗം സ്‌പെഷല്‍ തഹസില്‍ദാര്‍മാരുടെ ഓഫീസുകളിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് ഈ അതിരടയാള കല്ലിടല്‍ പ്രവൃത്തി നടക്കുന്നത്. ഈ ഘട്ടത്തില്‍ ആരുടേയും ഭൂമിയോ സ്വത്തോ കേരള റെയില്‍ ഡവലപ്‌മെന്റ് കോര്‍പറേഷന്‍ കൈവശപ്പെടുത്തുന്നില്ല. സാമുഹിക ആഘാത പഠനം നടത്തുന്നതിനായി പദ്ധതിയുടെ അലൈന്‍മെന്റിന്റെ അതിര് അടയാളപ്പെടുത്തുക മാത്രമാണ് ചെയ്യുന്നത്.
തുടര്‍ന്ന് സാമൂഹിക പ്രത്യാഘാതം വിലയിരുത്തുന്നതിനായി ബാധിക്കപ്പെടുന്ന കുടുംബങ്ങളുടെ അഭിപ്രായങ്ങള്‍ കേള്‍ക്കുന്നതിന് പബ്ലിക് ഹിയറിങ് ഏര്‍പ്പെടുത്തുകയും പഠന റിപോര്‍ട്ട് പ്രസിദ്ധീകരിക്കുകയും ചെയ്യും. വിദഗ്ധ സംഘം ഈ റിപോര്‍ട്ട് വിലയിരിത്തും. രണ്ട് അനൗദ്യോഗിക സാമൂഹിക ശാസ്ത്രജ്ഞര്‍, തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികള്‍, പുനരധിവാസ വിദഗ്ധര്‍, പദ്ധതിയുമായി ബന്ധപ്പെട്ട സാങ്കേതിക വിദഗ്ധര്‍ തുടങ്ങിയവര്‍ ഈ കമ്മിറ്റിയില്‍ അംഗങ്ങളായിരിക്കും.
ഈ റിപോര്‍ട്ടുകള്‍ പരിശോധിച്ച്, ആവശ്യമായ ഭൂമി ഏറ്റെടുക്കുന്നതിനായി ഭമി ഏറ്റെടുക്കല്‍ നിമയത്തിലെ എട്ട് (രണ്ട്) വകപ്പു പ്രകാരം ഉത്തരവിറക്കുന്നതാണ് അടുത്ത നടപടി. പദ്ധതിയ്ക്ക് കേന്ദ്ര റെയില്‍വേ ബോഡിന്റെ അംഗീകാരം കിട്ടിയ ശേഷം മാത്രമേ, സംസ്ഥാന സര്‍ക്കാര്‍ ഇതു സംബന്ധിച്ച നടപടിക്രമങ്ങളിലേക്ക് പ്രവേശിക്കുകയുള്ളുവെന്ന് സംസ്ഥാന ഗതാഗതവകുപ്പും റവന്യൂ വകുപ്പും വെവ്വേറെ ഉത്തരവുകളില്‍ വ്യക്തമാക്കിയിട്ടുണ്ട്. സാമൂഹിക പ്രത്യാഘാതം ഏറ്റവും കുറഞ്ഞ തോതിലാണെന്ന് ഉറപ്പു വരുത്തണമെന്നും പ്രസ്തുത വകുപ്പില്‍ വ്യക്തമാക്കുന്നുണ്ടെന്ന് പ്രസ്താവനയില്‍ പറഞ്ഞു.

















